ഹോക്കി ലോകകപ്പിന് ഇന്ന് തുടക്കം; ഉദ്ഘാടന മത്സരത്തിൽ അർജന്‍റീനയും ദക്ഷിണാഫ്രിക്കയും നേര്‍ക്കുനേര്‍

ന്യൂഡല്‍ഹി: ഹോക്കി ലോകകപ്പ് മത്സരങ്ങൾക്ക് ഇന്ന് ഭുവനേശ്വറിൽ തുടക്കമാകും. ഉദ്ഘാടന മത്സരത്തിൽ അർജന്‍റീന ദക്ഷിണാഫ്രിക്കയെ നേരിടും. സ്പെയിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.

നാലാം തവണയാണ് ഇന്ത്യ ഹോക്കി ലോക കപ്പിന് ആതിഥ്യം വഹിക്കുന്നത്. ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയം കൂടാതെ റൂർക്കേലയിലെ ബിർസാ മുണ്ട അന്താരാഷ്ട്ര സ്റ്റേഡിയവും ലോകപ്പിന് വേദിയാകും. 4 പൂളുകളായി 16 ടീമുകളാണ് ലോകകപ്പിൽ പങ്കെടുക്കുക. ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് അർജന്‍റീനയും ദക്ഷിണാഫ്രിക്കയും തമ്മിലുളള മത്സരത്തോടെ ലോകകപ്പ് ആവേശത്തിന് തുടക്കമാവും.

കിരീട പ്രതീക്ഷകളുമായി ഇന്ത്യയും ഇന്നിറങ്ങും. രാത്രി ഏഴിന് നടക്കുന്ന മത്സരത്തിൽ സ്പെയിനാണ് എതിരാളികൾ. ആറാം റാങ്കുകാരായ ഇന്ത്യക്കാണ് മത്സരത്തിൽ മുൻതൂക്കം. ഇംഗ്ലണ്ട്, വെയ്ല്‍സ്, സ്പെയിൻ ടീമുകളാണ് പൂൾ ഡി യിൽ ഇന്ത്യയുടെ എതിരാളികൾ. 48 വർഷങ്ങൾക്ക് മുമ്പാണ് ഇന്ത്യ ലോക ഹോക്കി ചാംമ്പ്യന്‍മാരായത്.

ടോക്കിയോ ഒളിമ്പിക്സിലെ പ്രകടനങ്ങൾ ആവർത്തിക്കാനായാൽ ഇന്ത്യക്ക് കിരീടത്തിൽ മുത്തമിടാം. ഒളിമ്പിക്സിൽ ഇന്ത്യയ്ക്ക് മെഡൽ നേടി കൊടുത്ത ഗ്രഹാം റെയ്ഡ് തന്നെയാണ് പരിശീലകൻ. ഹർമൻ പ്രീത് സിങ് നയിക്കുന്ന ടീമിൽ ഗോൾ കീപ്പർ പി.ആർ ശ്രീജേഷാണ് ഏക മലയാളി സാന്നിധ്യം.