ഹർഭജൻ സിങ് ക്രിക്കറ്റിൽനിന്നും വിരമിച്ചു.

ന്യൂഡൽഹി: ഇന്ത്യൻ താരം ഹർഭജൻ സിങ് സജീവ ക്രിക്കറ്റിൽനിന്നും വിരമിച്ചു. ക്രിക്കറ്റിന്‍റെ എല്ലാ ഫോർമാറ്റുകളിൽനിന്നും വിരമിക്കുകയാണെന്ന് ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഓഫ് സ്പിന്നർമാരിൽ ഒരാളായ ഹർഭജൻ സിങ് ട്വിറ്ററിലൂടെ പ്രഖ്യാപിച്ചു.

‘എല്ലാ നല്ല കാര്യങ്ങള്‍ക്കും ഒരു അവസാനമുണ്ട്​. ജീവിതത്തില്‍ എനിക്കു എല്ലാം നേടിത്തന്ന ക്രിക്കറ്റിനോട് ഇന്ന്​ ഞാന്‍ വിട പറയുകയാണ്. 23 വര്‍ഷത്തെ കരിയര്‍ മനോഹരവും അനുസ്മരണീയവുമാക്കിയ എല്ലവര്‍ക്കും ഞാന്‍ നന്ദി പറയുന്നു. എല്ലാവർക്കും ഹൃദയപൂർവം നന്ദി’ -ഹര്‍ഭജന്‍ ട്വിറ്ററിൽ കുറിച്ചു.

ഇന്ത്യക്കായി 103 ടെസ്റ്റുകളും 236 ഏകദിനങ്ങളും 20 ട്വന്‍റി20 മത്സരങ്ങളും കളിച്ചിട്ടുണ്ട്​ ഹർഭജൻ. 2011 ഏകദിന ലോകകപ്പും 2007 ട്വന്‍റി20 ലോകകപ്പും നേടിയ ഇന്ത്യൻ ടീമിലെ അംഗമായിരുന്നു. വർഷങ്ങളായി രാജ്യാന്തര ക്രിക്കറ്റിൽ ഉൾപ്പെടെ ഹർഭജൻ സജീവമായിരുന്നില്ല. അതേസമയം, ഇന്ത്യൻ പ്രിമിയർ ലീഗിൽ (ഐ.പി.എൽ) കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനായി കഴിഞ്ഞ സീസൺ വരെ കളിച്ചിരുന്നു