1,200 തദ്ദേശ റോഡുകൾ നാടിനു സമർപ്പിച്ചു.

1,200 തദ്ദേശ റോഡുകൾ നാടിനു സമർപ്പിച്ചു. തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയുടെ മൂന്നാം ഘട്ടത്തിൽ പൂർത്തിയാക്കിയ 1,200 റോഡുകളുടെ ഉദ്ഘാടനമാണ് സർക്കാരിൻ്റെ 100 ദിന പദ്ധതികളുടെ ഭാഗമായി ഇന്നു നടന്നത്. പദ്ധതിയുടെ ആദ്യ രണ്ടു ഘട്ടങ്ങളിൽ പൂർത്തിയാക്കിയത് 2,200 റോഡുകളാണ്.

2018 ലെ പ്രളയത്തിലും 2019 ലെ കാലവര്‍ഷക്കെടുതിയിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ള നിരവധി റോഡുകള്‍ തകര്‍ന്നിരുന്നു. അവയുടെ പുനരുദ്ധരാണത്തിനായാണ് തദ്ദേശ റോഡ് പുനരുദ്ധരാണ പദ്ധതി ആവിഷ്‌ക്കരിച്ചത്. 1,000 കോടി രൂപ അടങ്കലുള്ള ഈ പദ്ധതിയിലൂടെ 12,000 കിലോമീറ്റര്‍ റോഡ് നവീകരിക്കാനാണ് ലക്ഷ്യമിട്ടത്. 140 നിയമസഭാ മണ്ഡലങ്ങളിലായി 5,115 പ്രവൃത്തികളാണ് ഇതില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.

തദ്ദേശ റോഡ് പുനരുദ്ധാരണപദ്ധതി പ്രകാരം നവീകരിക്കുന്ന റോഡുകളുടെ രണ്ടു വര്‍ഷക്കാലത്തെ പരിപാലന ചുമതല ബന്ധപ്പെട്ട കരാറുകാരനായിരിക്കും. പ്രവൃത്തിയുടെ ഗുണമേന്മ പരിശോധിക്കുന്നതിനായി പ്രത്യേക ടെക്‌നിക്കല്‍ കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ട്. പദ്ധതിയുടെ ജനകീയ മേല്‍നോട്ടത്തിനായി തദ്ദേശസ്ഥാപന തലത്തില്‍ വാര്‍ഡുകൗണ്‍സിലര്‍മാരുടെ നേതൃത്വത്തിലുള്ള സമിതിയും രൂപീകരിച്ചിട്ടുണ്ട്. അടിസ്ഥാന സൗകര്യ വികസനം എല്ലാ പ്രദേശങ്ങളേയും സമഗ്രമായി സ്പർശിക്കുന്ന വിധത്തിലായിരിക്കണമെന്ന സംസ്ഥാന സർക്കാരിൻ്റെ അടിയുടറച്ച നിശ്ചയത്തിൻ്റെ ദൃഷ്ടാന്തമാണ് തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി.