14-കാരൻ മരിച്ചത് പേവിഷബാധയെന്ന് സംശയം

ചേർത്തല:അർത്തുങ്കലിൽ ഒൻപതാംക്ലാസ് വിദ്യാർഥി നിർമൽ രാജേഷി (14)ന്റെ മരണം പേവിഷബാധമൂലമെന്ന നിഗമനത്തിൽ ആരോഗ്യവകുപ്പ്. അസ്വസ്ഥതകളോടെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ച കുട്ടി 16-നാണു മരിച്ചത്. സ്രാമ്പിക്കൽ രാജേഷിന്റെയും ത്രേസ്യാമ്മയുടെയും മകൻ നിർമൽ രാജേഷ് (14) ആണു മരിച്ചത്.

പരിശോധിച്ച ഡോക്ടർമാരുടെയും പോസ്റ്റ്മോർട്ടം പ്രാഥമിക റിപ്പോർട്ടിന്റെയും അടിസ്ഥാനത്തിലാണു നിഗമനം. ആന്തരികാവയവങ്ങളും സ്രവവും പാലോടുള്ള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആനിമൽ ഡിസീസിലും ബെംഗളൂരുവിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസസ് ലാബിലും പരിശോധനയ്ക്കയച്ചിരിക്കുകയാണ്.

ഓഗസ്റ്റിൽ നിർമലിന്റെ അനുജൻ അമലിന്റെ മുഖത്തു പട്ടിയുടെ നഖംകൊണ്ടു പോറലേറ്റിരുന്നു. അന്ന് അതിനുചുറ്റും കുത്തിവെപ്പ് എടുത്തിരുന്നു. ഈയിടെ നിർമലിന്റെ മുഖത്തും മുറിവേറ്റിരുന്നു. സൈക്കിളിൽനിന്നു വീണതാണെന്നാണു വീട്ടുകാരോടു പറഞ്ഞത്. കുത്തിവെപ്പിനെ ഭയന്നാകാം ഇതെന്നു കരുതുന്നു.