16കാരിയെ തീ കൊളുത്തി യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു

പാലക്കാട്:കൊല്ലങ്കോട് 16കാരിയെ തീ കൊളുത്തി യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. കൊല്ലങ്കോട് കിഴക്കെ ഗ്രാമം സ്വദേശിയായ പതിനാറുകാരിയെയാണ് സുഹൃത്ത് ബാലസുബ്രഹ്മണ്യം തീ കൊളുത്തിയത്. പ്രണയനൈരാശ്യമാണ് തീ കൊളുത്തിയതിന് കാരണമെന്നാണ് പൊലീസ് പറയുന്നത്.

പെണ്‍കുട്ടിക്ക് 18 വയസു കഴിഞ്ഞ ശേഷം വിവാഹം നടത്താമെന്ന് ഉറപ്പു നല്‍കിയിരുന്നുവെന്ന് യുവാവിന്റെ അമ്മ പറഞ്ഞു. പെണ്‍കുട്ടി എപ്പോഴാണ് വീട്ടിലെത്തിയതെന്ന് അറിയില്ലെന്നും അവര്‍ വ്യക്തമാക്കി.

ബാലസുബ്രഹ്മണ്യവും പെണ്‍കുട്ടിയും ഏറെനാളായി പ്രണയത്തിലായിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. അടുത്തിടെ ഇവരുടെ ബന്ധത്തെ വീട്ടുകാര്‍ എതിര്‍ത്തു. ഇരുവരെയും ബന്ധത്തില്‍ നിന്ന് പിന്തിരിപ്പിക്കാനും ശ്രമിച്ചു. ഇതുകാരണമാകാം പെണ്‍കുട്ടിയെ തീകൊളുത്തിയ ശേഷം യുവാവ് ജീവനൊടുക്കാന്‍ ശ്രമിച്ചതെന്നാണ് നാട്ടുകാര്‍ കരുതുന്നത്