16കോടി വിലവരുന്ന ആംബര്‍ഗ്രീസുമായി ഇരിട്ടി സ്വദേശി അടക്കം 4 പേര്‍ പിടിയില്‍

ഇരിട്ടി:പതിനാറുകോടി വില മതിക്കുന്ന ആംബര്‍ഗ്രീസുമായി മലയാളി അടക്കം നാലുപേര്‍ മൈസൂരില്‍ പിടിയിലായി.

കുടകിലെ കുശാല്‍ നഗറില്‍ നിന്നാണ് വനംവകുപ്പ് അധികൃതർനാലുപേരെ പിടികൂടിയത്. കണ്ണൂർ ഇരിട്ടി സ്വദേശി കെ.എം. ജോർജ്, കുടക് സ്വദേശികളായ കെ.എ ഇബ്രാഹിം, ബി.എ റഫീഖ്, താഹിർ എന്നിവരാണ് പിടിയിലായത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ഒരാള്‍ ഓടി രക്ഷപ്പെട്ടു. ഗള്‍ഫിലേക്ക്കടത്താനായി എത്തിച്ചതായിരുന്നു ഇത്.

8.2 കിലോഗ്രാം ഭാരമുള്ള ആംബര്‍ഗ്രീസ് കാറില്‍ ഒളിപ്പിച്ചുകടത്താനായിരുന്നു സംഘത്തിന്‍റെ ശ്രമം.

1972ലെ വന്യജീവി നിയമപ്രകാരം രാജ്യത്ത് ആംബര്‍ഗ്രീസ് വില്‍പന നിരോധിതമാണ്. ഈ നിയമത്തില്‍വിശദമാക്കുന്നത് അനുസരിച്ച് പിടിച്ച് വളര്‍ത്തുന്നതോ വന്യമൃഗമോ ആയ കീടങ്ങള്‍ അല്ലാതെയുള്ള ഒരു ജീവിയുടെ തോല്‍ ഉപയോഗിച്ച് കരകൌശല വസ്തുപോലുള്ളവ നിര്‍മ്മിക്കാന്‍ ആവാത്ത വസ്തുക്കളായ ആംബര്‍ഗ്രീസ്, കസ്തൂരി മറ്റ് ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തുന്നത് കുറ്റകരമാണ്.

ഇത്തരം വസ്തുക്കള്‍ കേടുവരാതെ പാക പ്പെടുത്തുന്നതും സംരക്ഷിക്കുന്നതും ഇത് ഉപയോഗിച്ച് സ്മാരകം പോലുള്ളവനിര്‍മ്മിക്കുന്നതും കുറ്റകരമാണ്. അണ്‍ക്യുവേര്‍ഡ് ട്രോഫി എന്നാണ് ഇത്തരം വസ്തുക്കൾ അറിയപ്പെടുന്നത്

മൃഗങ്ങളുടെ തോല്‍, പല്ല്, കൊമ്പ്, എല്ല്, തോടുകള്‍, രോമങ്ങള്‍, മുടി, തൂവലുകള്‍, നഖം, കൂട്, മുട്ട എന്നിവയെല്ലാം കൈകാര്യം ചെയ്യുന്നത് നിയമപ്രകാരം കുറ്റകരമാണ്.

വന്യജീവി സംരക്ഷണ നിയമത്തിലെ സെക്ഷന്‍ 44 അനുസരിച്ചാണ് ഇത്തരം പ്രവര്‍ത്തികള്‍ കുറ്റകരമാവുന്നത്. ലൈസന്‍സില്ലാതെ ഇത്തരം വസ്തുക്കള്‍ കൈവശം വയ്ക്കുന്നത് കുറ്റകരമാണ്. വനംവകുപ്പ് ഡപ്യൂട്ടി കൺസർവേറ്റർ രാമകൃഷ്ണപ്പ, റേഞ്ച് ഫോറസ്റ്റ് ഓഫിസർ വിവേക് എന്നിവരടങ്ങുന്ന സംഘമാണ് മലയാളി അടക്കമുള്ളവരെ പിടികൂടിയത്.

കഴിഞ്ഞ മാസം തൃശൂരിൽ നിന്ന് 30 കോടിരൂപ വിലമതിക്കുന്ന ആംബർഗ്രീസുമായി 3 പേർ പിടിയിലായിരുന്നു. തിമിംഗലങ്ങളുടെ കുടലിൽ ദഹനപ്രക്രിയയുമായി ബന്ധപ്പെട്ടുള്ള ചില പ്രവർത്തനങ്ങളുടെ ഫലമായി രൂപം കൊള്ളുന്ന പ്രകൃതിദത്ത ഉൽപന്നമായ ആംബര്‍ഗ്രീസിന് സുഗന്ധലേപന വിപണിയില്‍ വന്‍വിലയാണുള്ളത്. ഇതാണ് ആംബര്‍ഗ്രീസ് കള്ളക്കടത്തിലേക്ക് ആളുകളെ എത്തിക്കുന്നത്.