16 യൂട്യൂബ് ചാനലുകളും ഒരു ഫെയ്സ്ബുക്ക് അക്കൗണ്ടും നിരോധിച്ചു
ന്യൂഡൽഹി:പാകിസ്ഥാന് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ആറെണ്ണം ഉള്‍പ്പെടെ 16 യൂട്യൂബ് ചാനലുകളും ഒരു ഫെയ്സ്ബുക്ക് അക്കൗണ്ടും കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചു.രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നു എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് കേന്ദ്രസര്‍ക്കാര്‍ നടപടി.
രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട് കഴിഞ്ഞ മൂന്നാഴ്ചക്കിടെ 18 യൂട്യൂബ് ചാനലുകള്‍ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പാകിസ്ഥാന് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ആറെണ്ണം ഉള്‍പ്പെടെ 16 യൂട്യൂബ് ചാനലുകള്‍ കൂടി നിരോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്.
ഐടി നിയമം അനുസരിച്ചാണ് നടപടി. ഐടി നിയമത്തിലെ 18-ാം വകുപ്പ് അനുസരിച്ച് ആവശ്യപ്പെട്ട വിവരങ്ങള്‍ സമര്‍പ്പിക്കാത്തതിനാണ് നടപടി. തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ച് സമൂഹത്തില്‍ പരിഭ്രാന്തി സൃഷ്ടിക്കുന്നു, മതസ്പര്‍ധ വളര്‍ത്താന്‍ ശ്രമിക്കുന്നു തുടങ്ങിയ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ചാനലുകള്‍ക്ക് എതിരെ നടപടി സ്വീകരിച്ചതെന്ന് വാര്‍ത്താവിതരണ മന്ത്രാലയം അറിയിച്ചു.