24 മണിക്കൂറിനിടെ രാജ്യത്ത് 40953 പോസിറ്റീവ് കേസുകൾ

ന്യൂഡൽഹി: രാജ്യത്ത് ആശങ്ക ഉയർത്തി വീണ്ടും കോവിഡ് കേസുകൾ വര്‍ധിക്കുകയാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി രോഗബാധിതരുടെ എണ്ണത്തിൽ കുത്തനെയുള്ള വർധനവാണ് രേഖപ്പെടുത്തുന്നത്. ഇടയ്ക്കൊരു ഘട്ടത്തിൽ കോവിഡ് നിയന്ത്രണ വിധേയമായിരുന്നുവെങ്കിലും രോഗബാധ കുറഞ്ഞ് നിന്ന സംസ്ഥാനങ്ങള്‍ പോലും ഇപ്പോൾ പ്രതിദിന കണക്കിൽ മുന്നില്‍ നിൽക്കുന്നതാണ് ആശങ്കയാകുന്നത്.

ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന്‍റെ കണക്കുകൾ അനുസരിച്ച് കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 40,953 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. കഴിഞ്ഞ നാല് മാസത്തിനിടെ റിപ്പോർട്ട് ചെയ്യപ്പെടുന്ന ഏറ്റവും ഉയർന്ന പ്രതിദിനകണക്ക് കൂടിയാണിത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 1,15,55,284 ആയി ഉയർന്നിരിക്കുകയാണ്. കഴിഞ്ഞ ദിവസം രോഗമുക്തി നേടിയ 23,653 ഉൾപ്പെടെ ആകെ 1,11,07,332 പേരാണ് കോവിഡ് മുക്തി നേടിയിട്ടുള്ളത്. നിലവിൽ 2,88,394 പേരാണ് കോവിഡ് സ്ഥിരീകരിച്ച് രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായുള്ളത്.