26-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേള നീട്ടിവച്ചു.
തിരുവനന്തപുരം:26-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേള (ഐഎഫ്‌എഫ്കെ) നീട്ടിവച്ചു. അടുത്തവര്‍ഷം ഫെബ്രുവരി നാല് മുതല്‍ 11 വരെയാണ് ചലച്ചിത്രമേള നടക്കുകയെന്ന് സിനിമ – സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ അറിയിച്ചു.
നേരത്തെ ഡിസംബര്‍ പത്തുമുതല്‍ 17 വരെ സ്ഥിരംവേദിയായ തിരുവനന്തപുരത്ത് വച്ച് നടത്താനാണ് തീരുമാനിച്ചിരുന്നത്. ഫെബ്രുവരി നാലിന് തുടങ്ങുന്ന ചലച്ചിത്രമേളയുടെ വേദിയും തിരുവനന്തപുരം തന്നെയാണ്. മേളയുടെ ഉദ്ഘാടനം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ ഫെബ്രുവരി നാലിന് വൈകീട്ട് ആറ് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ ജൂലൈ മാസം നടത്താന്‍ കഴിയാതിരുന്ന രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചിത്രമേള (ഐഎസ്‌എഫ്ഡികെ) 2021 ഡിസംബര്‍ ഒൻപത് മുതല്‍ 14 വരെ തിരുവനന്തപുരം ഏരീസ് പ്ലക്സ് എസ്‌എല്‍ തിയേറ്റര്‍ കോംപ്ലക്സിലെ നാല് സ്‌ക്രീനുകളില്‍ നടക്കും. സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ക്കനുസൃതമായി കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടായിരിക്കും മേളകള്‍ സംഘടിപ്പിക്കുക.