62- മത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് തിരിതെളിഞ്ഞു

കൊല്ലം: കൊല്ലം ആശ്രാമം മൈതാനത്തെ മുഖ്യവേദിയിൽ 62- മത് സംസ്ഥാന സ്ക്കൂൾ കലോത്സവത്തിന് തിരിതെളിഞ്ഞു. മുഖ്യന്ത്രി പിണറായി വിജയൻ നിലവിളക്ക് കൊളുത്തി ചടങ്ങ് ഉദ്ഘാടനം ചെയ്തു. കലോത്സവം കുട്ടികളുടേതാണെന്നും രക്ഷിതാക്കൾ തമ്മിൽ മത്സരിക്കരുതെന്നും ഉദ്ഘാടനം പ്രസംഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു.

നടിയും നർത്തകിയുമായ ആശാ ശരത്തിന്റെ നേതൃത്വത്തിൽ സ്വാഗത ഗാനത്തിന്റെ ദൃശ്യാവിഷ്കാരം നടന്നതിന് പിന്നാലെയാണ് കലോത്സവത്തിന് തിരിതെളിയിച്ചത്. പ്രിൻസിപ്പിൽ സെക്രട്ടറി റാണി ജോർജ്ജ് ഐഎഎസ് ചടങ്ങിന് സ്വാഗതമർപ്പിച്ചു. വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടിയുടെ അധ്യക്ഷത വഹിച്ചു.

ചടങ്ങിൽ മന്ത്രിമാരായ കെ.എൻ.ബാലഗോപാൽ, കെ.രാജൻ, കെ.ബി.ഗണേഷ്കുമാർ, ജെ.ചിഞ്ചുറാണി എന്നിവരും എൻ കെ പ്രേമചന്ദ്രൻ എംപി, മുകേഷ്, എംഎൽഎ എന്നിവരും പങ്കെടുത്തു. നടി നിഖില വിമൽ മുഖ്യാഥിതിയായിരുന്നു.

59 ഇനങ്ങളിലാണ് ആദ്യദിനം മത്സരങ്ങൾ നടക്കുന്നത്. മോഹിനിയാട്ടമാണ് ആദ്യത്തെ മത്സരയിനം. പതിനാലായിരത്തോളം മത്സരാർഥികൾ അഞ്ചു ദിവസങ്ങളിലായി വിവിധ വേദികളിൽ എത്തും.