എട്ടാം ക്ലാസ് ഫലം പ്രസിദ്ധീകരിച്ചു
എട്ടാം ക്ലാസ്സില്‍ മിനിമം മാര്‍ക്ക് ഏര്‍പ്പെടുത്തിയ ശേഷമുള്ള ആദ്യ പരീക്ഷ ഫലം സ്‌കൂളുകളില്‍ പ്രസിദ്ധീകരിച്ചു. ഓരോ വിഷയത്തിലും 30 ശതമാനം ആണ് മിനിമം മാര്‍ക്ക്. യോഗ്യതാ മാര്‍ക്ക് ലഭിക്കാത്ത കുട്ടികളുടെ രക്ഷിതാക്കളെ തിങ്കളാഴ്ച സ്‌കൂളില്‍ വിളിച്ച് വരുത്തി യോഗം ചേര്‍ന്ന് കാര്യങ്ങള്‍ ബോധ്യപ്പെടുത്തണം.
ഈ കുട്ടികള്‍ക്ക് എട്ടാം തീയതി മുതല്‍ 24 വരെ പ്രത്യേകം ക്ലാസുകള്‍ നല്‍കും. മാര്‍ക്ക് കുറവുള്ള വിഷയത്തില്‍ മാത്രമാണ് ഈ ക്ലാസ്. ടൈംടേബിള്‍ ക്രമീകരിച്ച് ഓരോ വിഷയത്തിലെയും അധ്യാപകര്‍ ക്ലാസ് നല്‍കണം. ഏപ്രിൽ 25 മുതല്‍ 28 വരെയുള്ള ദിവസങ്ങളില്‍ ഇവര്‍ക്ക് അതത് വിഷയങ്ങളില്‍ വീണ്ടും പരീക്ഷ നടത്തും. തുടർന്ന് ഫലം 30-ന് പ്രസിദ്ധീകരിക്കും. ഈ പരീക്ഷയിലും മിനിമം മാര്‍ക്ക് നേടാന്‍ കഴിയാത്ത കുട്ടികൾക്കും ഒന്‍പതിലേക്ക് ക്ലാസ് കയറ്റം നല്‍കാന്‍ തന്നെയാണ് നിര്‍ദേശം.
ഇവര്‍ക്ക് വീണ്ടും രണ്ടാഴ്ച പ്രത്യേകം ക്ലാസ് നല്‍കും. ഒന്‍പതില്‍ നിന്ന് ജയിക്കുമ്പോഴെങ്കിലും കുട്ടികള്‍ക്ക് ഓരോ വിഷയത്തിലും പ്രാഥമിക പരിജ്ഞാനം ഉറപ്പാക്കുകയാണ് ലക്ഷ്യം. 80-100 ശതമാനം മാര്‍ക്കുള്ള കുട്ടികള്‍ക്ക് എ ഗ്രേഡ്, 60-79 ശതമാനം ബി ഗ്രേഡ്, 59-40 ശതമാനം സി ഗ്രേഡ്, 30-39 ശതമാനം ഡി ഗ്രേഡ്, 30-ല്‍ താഴെ ഇ ഗ്രേഡ് എന്നിങ്ങനെയാവും എട്ടാം ക്ലാസ്സില്‍ ഗ്രേഡ് നിശ്ചയിക്കുക.