കോടതി സമുച്ചയത്തിൽ ജീവനക്കാർക്കും അഭിഭാഷകർക്കും ദേഹാസ്വാസ്ഥ്യം; ഇന്ന് റിപ്പോർട്ട് നൽകും

കണ്ണൂർ: തലശ്ശേരി ജില്ലാ കോടതി സമുച്ചയത്തിൽ കൂട്ടത്തോടെ ജീവനക്കാർക്കും അഭിഭാഷകർക്കും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട സംഭവത്തിൽ മെഡിക്കൽ സംഘം റിപ്പോർട്ട് നൽകും. സമുച്ചയത്തിൽ പ്രവർത്തിക്കുന്ന മൂന്ന് കോടതികളിലേയും അഭിഭാഷകർക്കും ജീവനക്കാർക്കും ജഡ്ജിമാർക്കുമാണ് ശാരീരിക അസ്വസ്ഥതകൾ ഉണ്ടായത്.

പിന്നാലെ കോഴിക്കോട്, കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജുകളിൽ നിന്നുള്ള ഡോക്ടർമാർ ഉൾപ്പെടെയുള്ള സംഘം കോടതിയിൽ എത്തി പരിശോധന നടത്തിയിരുന്നു. ശേഷം ഇന്ന് ഉന്നത മെഡിക്കൽ സംഘം വിശദമായ പരിശോധനക്ക് ശേഷമുള്ള റിപ്പോർട്ട് നൽകും.

രോഗകാരണം സംബന്ധിച്ച് അന്തിമ നിഗമനത്തിലെത്തിയിട്ടില്ലെങ്കിലും വൈറസ് ബാധയാകാമെന്നാണ് സംശയിക്കുന്നത്. കോടതിയിൽ നിന്നും ശേഖരിച്ച 23 പേരുടെ രക്ത-സ്രവ സാമ്പിളുകൾ ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിരുന്നു. ഇതിന്റെ പരിശോധന ഫലം ലഭിച്ചതിന് ശേഷമേ അന്തിമ നിഗമനത്തിലെത്താൻ കഴിയുകയുള്ളൂ എന്നാണ് ആരോഗ്യ വിഭാഗം അറിയിക്കുന്നത്.