കെ വി സുധാകരൻ സ്മാരക സാഹിത്യ അവാർഡ്, ‘ടി പി വേണുഗോപാലന്റെ തുന്നൽക്കാരൻ’ എന്ന കഥാസാമാഹാരത്തിന്.

2023 ലെ കെ വി സുധാകരൻ സ്മാരക സാഹിത്യ അവാർഡിന് ടി പി വേണുഗോപാലന്റെ “തുന്നൽക്കാരൻ “എന്ന കഥാസാമാഹാരം തിരഞ്ഞെടുത്തു. പതിനായിരം രൂപയും പ്രശസ്തിപത്രവുമാണ് അവാർഡ്. എ.വി. പവിത്രൻ, ഡോ. സന്തോഷ് വള്ളിക്കാട്, ഡോ.പത്മനാഭൻകാവുമ്പായി എന്നിവരടങ്ങിയ കമ്മിറ്റിയാണ് പുസ്തകം തെരഞ്ഞെടുത്തത്. മികച്ച പതിനൊന്നു കഥകളടങ്ങിയതാണ് തുന്നൽക്കാരൻ എന്ന കഥാസമാഹാരം. കാലത്തിന്റെയും സമൂഹത്തിന്റെയും ഉത്ക്കണ്ഠകളും മാനുഷികതയും ജീവിതത്തോടുള്ള അഗാധമായ പ്രതിബദ്ധതയും സൂക്ഷ്മ രാഷ്ട്രീയം കൊണ്ട് വ്യത്യസ്തതയും പുലർത്തുന്നവയാണ് തുന്നൽക്കാരനിലെ കഥകളെന്ന് അവാർഡ് കമ്മിറ്റി വിലയിരുത്തി.ആധുനികാനന്തര മലയാള കഥയിൽ ദേശചരിത്രവും രാഷ്ട്രീയവും നാട്ടുഭാഷയുടെ തെളിമയിൽ അവിഷ്ക്കരിക്കുന്നതാണ് തുന്നൽക്കാരനിലെ കഥകളെന്നും കമ്മിറ്റി അഭിപ്രായപ്പെട്ടു.

കണ്ണൂർ ജില്ലയിലെ പാപ്പിനിശ്ശേരി സ്വദേശിയാണ് വേണുഗോപാലൻ .
‘തുന്നൽക്കാരൻ’
കൂടാതെ സുഗന്ധമഴ,
കുന്നുംപുറം കാർണിവൽ, ഭയപ്പാടം, ദൈവം തിരിച്ചയച്ച പ്രാർത്ഥനകൾ തുടങ്ങി ഇരുപത് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

‘തുന്നൽക്കാര’ന് ശിവരാമൻ ചെറിയനാട് അവാർഡ്, കെ.പൊന്ന്യം അവാർഡ്,
എം.എസ് കുമാർ അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

ചെറുകാട് അവാർഡ്, ഇടശ്ശേരി അവാർഡ്, പ്രേംജി അവാർഡ്, അബുദാബി ശക്തി അവാർഡ്, തുടങ്ങി 18 ഓളം പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.പാപ്പിനിശ്ശേരി ഇ എം എസ് സ്മാരക ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പലും സമഗ്രശിക്ഷ കണ്ണൂർജില്ല പ്രൊജക്ട് ഓഫീസറുമായിരുന്നു.

ഡിസംബർ മാസം ഏളയാട് യംഗ് സ്റ്റേർസ് ക്ളബിൽ നടത്തുന്ന പൊതുസമ്മേളത്തിൽ അവാർഡ് സമർപ്പിക്കുമെന്ന് ക്ളബ്ബ് ഭാരവാഹികൾ അറിയിച്ചു.

പ്രിയേഷ് പി, പ്രസിഡന്റ്

ബിൻസൺ വി വി, സെക്രട്ടറി