മുല്ലപ്പെരിയാർ ഡാം നാളെ തുറക്കും
ഇടുക്കി ജില്ലയിലും ജില്ലയോട് ചേർന്നുള്ള തമിഴ്നാട്ടിലെ പ്രദേശങ്ങളിലും കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മുല്ലപ്പെരിയാർ ഡാം തുറക്കാൻ തീരുമാനം. അതിശക്ത മഴയിൽ ജലനിരപ്പ് കുതിച്ചുയർന്നതോടെയാണ് മുല്ലപ്പെരിയാർ തുറക്കാൻ തീരുമാനിച്ചത്. നാളെ രാവിലെ 10 മണിക്ക് ഷട്ടർ തുറക്കുമെന്നാണ് അറിയിപ്പ്. സെക്കന്റിൽ 10000 ഘനയടി വെള്ളം വരെ തുറന്നു വിടാൻ സാധ്യതയുണ്ട്. ഈ സാഹചര്യത്തിൽ പെരിയാർ തീരത്ത് ജാഗ്രത നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
ഇന്ന് രാവിലെ തന്നെ മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 136.50 അടിയായി ഉയർന്നിരുന്നു. 142 അടിയാണ് പരമാവധി സംഭരണ ശേഷി. മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ ജലനിരപ്പ് വലിയ തോതിലാണ് ഉയരുന്നത്. ഏറ്റവും ഒടുവിൽ ലഭിച്ച വിവരപ്രകാരം വൈകിട്ട് 4 മണിയോടെ മുല്ലപ്പെരിയാർ ജലനിരപ്പ് 138 അടിയായിട്ടുണ്ട്. ഇതോടെ ഡാം തുറക്കാനുള്ള രണ്ടാമത്തെ മുന്നറിയിപ്പും തമിഴ്നാട് നൽകിയിട്ടുണ്ട്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്.