കെ സ്മാർട്ടും ബാർജുകളും ഇന്ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
കൊച്ചി
തദ്ദേശസ്ഥാപനങ്ങളുടെ മുഴുവൻ സേവനങ്ങളും ഓൺലൈനിൽ ലഭ്യമാക്കുന്ന സ്വപ്നപദ്ധതി കെ സ്മാർട്ട് പുതുവത്സരദിനത്തിൽ യാഥാർഥ്യമാകും. കേരള ഷിപ്പിങ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപറേഷന്റെ (കെഎസ്ഐഎൻസി) രണ്ട് ബാർജുകളും തിങ്കളാഴ്ച പ്രവർത്തനമാരംഭിക്കും. രണ്ടു പദ്ധതികളും മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനംചെയ്യും. കെ സ്മാർട്ട് സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10.30ന് കൊച്ചി കലൂർ ഗോകുലം കൺവൻഷൻ സെന്ററിലും ബാർജുകളുടെ പ്രവർത്തനോദ്ഘാടനം പകൽ 12ന് ബോൾഗാട്ടി ഐഡബ്ല്യുഎഐ റോ–റോ ജെട്ടിയിലും നടക്കും.
തദ്ദേശസ്ഥാപനങ്ങളുടെ മുഴുവൻ സേവനങ്ങളും ഓൺലൈനായി ലഭ്യമാക്കുന്ന പദ്ധതിയാണ് കെ- സ്മാർട്ട്. ആദ്യഘട്ടത്തിൽ കോർപറേഷനുകളിലും നഗരസഭകളിലും ആരംഭിക്കുന്ന പദ്ധതി ഏപ്രിൽ ഒന്നുമുതൽ പഞ്ചായത്തുകളിലേക്ക് വ്യാപിപ്പിക്കും. ഓൺലൈനിലൂടെ അപേക്ഷകളും പരാതികളും നൽകാനും അവയുടെ സ്ഥിതി അറിയാനും സാധിക്കും. ആദ്യഘട്ടത്തിൽ ജനന–-മരണ, വിവാഹ രജിസ്ട്രേഷൻ, വ്യാപാരങ്ങൾക്കും വ്യവസായങ്ങൾക്കുമുള്ള ലൈസൻസുകൾ, വസ്തുനികുതി, യൂസർ മാനേജ്മെന്റ്, ഫയൽ മാനേജ്മെന്റ് സിസ്റ്റം, ഫിനാൻസ് മോഡ്യൂൾ, ബിൽഡിങ് പെർമിഷൻ മൊഡ്യൂൾ, പൊതുജന പരാതിപരിഹാരം എന്നീ എട്ട് സേവനങ്ങളാണ് ലഭിക്കുക. ഇൻഫർമേഷൻ കേരള മിഷനാണ് കെ- സ്മാർട്ട് ആപ്ലിക്കേഷൻ വികസിപ്പിച്ചത്.കേരള ഷിപ്പിങ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപറേഷന്റെ (കെഎസ്ഐഎൻസി) പൊസൈഡൺ ഓയിൽ ടാങ്കർ ബാർജും ലക്ഷ്മി ആസിഡ് ബാർജുമാണ് പ്രവർത്തനസജ്ജമായത്. പുറംകടലിൽ നങ്കൂരമിട്ടിരിക്കുന്ന കപ്പലുകൾക്ക് ഇന്ധനം വിതരണം ചെയ്ത് അധികവരുമാനം നേടാനാണ് പൊസൈഡൺ. 1,400 ടൺ ശേഷിയുള്ള ബാർജ് 15.34 കോടി ചെലവിൽ ഗോവ വിജയ് മറൈൻഷിപ് യാർഡിലാണ് നിർമിച്ചത്. വ്യവസായ സ്ഥാപനങ്ങളിലേക്ക് ആസിഡ് എത്തിക്കാനാണ് 4.50 കോടി ചെലവിൽ കെഎസ്ഐഎൻസി സ്വന്തം യാർഡിൽ ലക്ഷ്മി ആസിഡ് ബാർജ് നിർമിച്ചത്. 300 മെട്രിക് ടണ്ണാണ് ശേഷി.