സംസ്ഥാനപാതയിലും ദേശീയപാതയിലുമായി ജില്ലയിൽ 19 റോഡുകൾ സ്ഥിരം അപകട മേഖലയുണ്ടെന്നു കണ്ടെത്തൽ.

കണ്ണൂർ∙ സംസ്ഥാനപാതയിലും ദേശീയപാതയിലുമായി ജില്ലയിൽ 19 റോഡുകൾ സ്ഥിരം അപകട മേഖലയുണ്ടെന്നു കണ്ടെത്തൽ. ഗതാഗതവകുപ്പിനു വേണ്ടി നാഷനൽ ട്രാൻസ്പോർട്ടേഷൻ പ്ലാനിങ് ആൻഡ് റിസർച് സെന്റർ (നാറ്റ്പാക്ക്) നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. സംസ്ഥാന പാതയിൽ പത്തും ദേശീയപാതയിൽ ഒൻപതും റോഡുകളാണ് സ്ഥിരം അപകട കേന്ദ്രങ്ങൾ. ഈ റോഡുകളിലായി 137 കിലോമീറ്റർ ദൂരമാണ് സ്ഥിരം അപകട കേന്ദ്രം. ദേശീയപാതയിൽ 63.9 കിലോമീറ്ററും സംസ്ഥാന പാതയിൽ 73.1 കിലോമീറ്ററുമാണ് അപകട മേഖല.

അപകടം കൂടുതൽ വൈകിട്ട് 6നും 9നും ഇടയ്ക്ക്ഏറ്റവും കൂടുതൽ അപകടങ്ങൾ നടന്നതു വൈകിട്ട് 6നും 9നും ഇടയ്ക്ക്. ഏകദേശം 21 ശതമാനത്തിലധികം അപകടങ്ങൾ. അപകടമരണങ്ങളും ഈ സമയത്താണു കൂടുതൽ. ഏറ്റവും കൂടുതൽ അപകടങ്ങളിൽപ്പെടുന്നവർ ബൈക്ക് യാത്രികരാണ്.

ആകെ റിപ്പോർട്ട് ചെയ്ത അപകടങ്ങളിൽ മൂന്നിലൊന്നിലും ഉൾപ്പെട്ടത് ബൈക്ക് യാത്രികരാണ്. സാധാരണ വാഹന ഗതാഗതത്തേക്കാൾ 25 ശതമാനത്തിലധികമാണ് വൈകിട്ട് 6 മുതൽ 9 വരെയുള്ള സമയത്ത്. അതിൽത്തന്നെ തിരക്ക് ഏറ്റവും കൂടുതലുണ്ടാകുക 7 മുതൽ 7.30 വരെയാണ്. വീടുകളിലേക്കു മടങ്ങാനുള്ള തിരക്കിലായിരിക്കും പലരും റോഡിലേക്കിറങ്ങുന്നത്.

സ്വാഭാവികമായും വണ്ടിയുടെ വേഗം കൂടും. വാഹനമോടിക്കുന്നവർക്കു കാഴ്ച വളരെ പ്രധാനപ്പെട്ടതാണ്. സന്ധ്യാസമയത്ത് സ്വാഭാവികമായ സൂര്യപ്രകാശത്തിന്റെ അളവു കുറഞ്ഞിരിക്കും. വാഹനത്തിന്റെ ലൈറ്റാകട്ടെ നല്ല തീവ്രതയിൽ ലഭിക്കുകയുമില്ല. അതുകൊണ്ടു തന്നെ, കാഴ്ച മങ്ങി അപകടങ്ങളുണ്ടാകാൻ സാധ്യത കൂടുതലാണ്.

അപകട മേഖല: ദേശീയപാതയും ദൂരവും കിലോമീറ്ററിൽ

∙കല്യാശേരി –താണ ജംക്‌ഷൻ– (12.80)
∙മേലെചൊവ്വ– ചാല– 5
∙ കുറ്റിക്കോൽ പാലം– കല്യാശേരി –5.10
∙കോരൻ പീടിക– കുറ്റിക്കോൽ 8.80
∙കരിവെള്ളൂർ– കുഞ്ഞിമംഗലം 10.20
∙ ഏഴിലോട്– എംമ്പേറ്റ് 8.20
∙ പുന്നോൽ –ഉസ്സൻമൊട്ട– ന്യൂമാഹി 1.80
∙ ചാല ബൈപാസ് ജംക്‌ഷൻ– മുഴപ്പിലങ്ങാട് 6.70
∙ മുഴപ്പിലങ്ങാട് റെയിൽവേ പാലം– തലശ്ശേരി 6.10

സംസ്ഥാന പാത:∙ 21–ാം മൈൽ– മട്ടന്നൂർ– ഇരിട്ടി ജംക്‌ഷൻ– 8.6
∙ കോട്ടയംപൊയിൽ– മെരുവെമ്പാലി പുതിയ പാലം– 9.10
∙ മമ്പറം പാലം– കൂത്തുപറമ്പ് ജംക്‌ഷൻ– 7.40
∙ തലശ്ശേരി –പുതിയ എരഞ്ഞോളി പാലം– 2.60
∙ ചോനാടം– കോട്ടയം പൊയിൽ– 4.50∙ പാട്യം– പൂക്കോം– 7.90
∙ ചിറവക്ക്– പൊക്കുണ്ട്– 8.70
∙ കാടാച്ചിറ– പെരളശേരി 5
∙ ഉരവച്ചാൽ– ചാവശേരി– 8.3
∙ ആലക്കോട്– നടുവിൽ ബസ് സ്റ്റാൻഡ്– 11.