ജയിൽ ചാടിയ തടവുകാരൻരക്ഷപ്പെട്ട ബൈക്ക് കണ്ടെത്തി
കണ്ണൂർ: മയക്കുമരുന്ന് കേസിലെ ശിക്ഷാതടവുകാരൻ ടി സി ഹർഷാദ് ജയിൽ ചാടി രക്ഷപ്പെട്ട ബൈക്ക് ബെംഗളൂരുവിൽ നിന്ന് അന്വേഷണ സംഘം കണ്ടെത്തി. ബെംഗളൂരു സിറ്റിക്കടുത്ത് വാഹനങ്ങൾ വാടകക്ക് നൽകുന്ന കടയിൽ നിന്നാണ് ബൈക്ക് വാടകക്ക് എടുത്തത്. ഹർഷാദിന്റെ സുഹൃത്താണ് ബൈക്ക് വാടകക്ക് എടുത്തതെന്നും അന്വേഷണ സംഘം കണ്ടെത്തി.
കണ്ണൂരിൽ സെൻട്രൽ ജയിലിന് മുന്നിൽ നിന്ന് ഹർഷാദുമായി ബൈക്കിൽ തന്നെയാണ് ബെംഗളൂരു വരെ യാത്ര ചെയ്തത്. രാത്രിയോടെ ബെംഗളൂരുവിൽ എത്തിയ ശേഷം ബൈക്ക് വാടകക്ക് എടുത്ത കടയുടെ തൊട്ടു മുന്നിലുള്ള കെട്ടിടത്തിന് പിറകിൽ ബൈക്ക് ഉപേക്ഷിച്ച് ഇരുവരും കടന്ന് കളയുകയായിരുന്നു.
ജയിൽ ചാടിയ ഹർഷാദിനെ പിടിക്കാൻ പ്രത്യേക സ്ക്വാഡ് രൂപവത്കരിച്ചിരുന്നു. എസിപി ടി കെ രത്നകുമാറിന്റെയും ടൗൺ പോലീസ് ഇൻസ്പെക്ടർ പി എ ബിനുമോഹന്റെയും നേതൃത്വത്തിലാണ് അന്വേഷണം നടത്തുന്നത്.
ഹർഷാദിനും സഹായിക്കുമായി ബെംഗളൂരുവിലും പരിസര പ്രദേശങ്ങളിലും വ്യാപകമായ തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഹർഷാദിന്റെ സുഹൃദ് സംഘത്തിന്റെ താവളങ്ങളിലും പോലീസ് പരിശോധന നടത്തി. നാട്ടിലുള്ള ബന്ധുക്കളെയും സുഹൃത്തുക്കളെയും പോലീസ് ചോദ്യം ചെയ്തിരുന്നു.