ശ്രുതിതരംഗം പദ്ധതിയില്‍ ലഭിച്ച എല്ലാ അപേക്ഷകള്‍ക്കും അനുമതി

ശ്രുതിതരംഗം പദ്ധതിയില്‍ ലഭിച്ച എല്ലാ അപേക്ഷകള്‍ക്കും അനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കൂടുതല്‍ ആശുപത്രികളെ ശ്രുതിതരംഗം പദ്ധതിയില്‍ എംപാനല്‍ ചെയ്യാനുള്ള നടപടി സ്വീകരിച്ചു വരുന്നു. രോഗീസൗഹൃദമായ ചികിത്സ ഉറപ്പാക്കാനായി പ്രത്യേക മൊബൈല്‍ ആപ്പ് വികസിപ്പിക്കുന്നതാണ്.

ജില്ലാതല ആശുപത്രികളില്‍ കൂടി പരിശീലനം നല്‍കി ഉപകരണങ്ങളുടെ മെയിന്റന്‍സ് സാധ്യമാക്കാന്‍ കഴിയുമോയെന്ന് പരിശോധിക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി. പദ്ധതിയിലുള്‍പ്പെട്ട മുഴുവന്‍ കുട്ടികളുടേയും ഉപകരണങ്ങളുടെ മെയിന്റനന്‍സ് നടത്തിയ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ടീമിനെ മന്ത്രി യോഗത്തില്‍ പ്രത്യേകം അഭിനന്ദിച്ചു.

മറ്റ് ആശുപത്രികളും സമയബന്ധിതമായി സര്‍ജറിയും മെയിന്റനന്‍സും പ്രോസസ് അപ്ഗ്രഡേഷനും പൂര്‍ത്തിയാക്കണമെന്നും മന്ത്രി നിര്‍ദേശം നല്‍കി. ശ്രുതിതരംഗം പദ്ധതിയിലുള്‍പ്പെട്ട 219 പേരുടെ ഉപകരണങ്ങളുടെ മെയിന്റനന്‍സ് നടത്തി. 117 പേരുടെ ഉപകരണങ്ങളുടെ മെയിന്റനന്‍സ് ഉടന്‍ പൂര്‍ത്തിയാക്കും.