ആറളം ഫാമില്‍ ആന തുരത്തല്‍ യജ്ഞം ഒന്നാം ഘട്ടം വിജയകരം: അഞ്ച് ആനകളെ അതിര്‍ത്തി കടത്തി
ആറളം ഫാമിലും പുനരധിവാസ മേഖലയിലും തമ്ബടിച്ച കാട്ടാനകളെ കാട്ടിലേക്ക് തുരത്തുന്നതിനായി സബ് കലക്ടറുടെ നേതൃത്വത്തിലുള്ള യോഗത്തില്‍ തീരുമാനിച്ച പ്രകാരം ആരംഭിച്ച കാട്ടാനെയെ തുരത്തുന്ന നടപടിയില്‍ ആദ്യഘട്ടമായി പുനരധിവാസ മേഖല കേന്ദ്രീകരിച്ച് പ്രവർത്തി തുടങ്ങി.
ഹെലിപാടില്‍ നിന്നും ബ്ലോക്ക് 12 ഭാഗത്ത് തമ്ബടിച്ച 3 ആനകളെ 18 ഏക്കർ – താളിപ്പാറ-കോട്ടപ്പാറ റോഡ് കടത്തി, കോട്ടപ്പാറ ഭാഗത്ത് നേരത്തെ തമ്ബടിച്ച ആനകള്‍ ഉള്‍പ്പെടെ അഞ്ചോളം എണ്ണം ആനകളെ വനത്തിലേക്ക് കടത്തി. കോട്ടപ്പാറ മുതല്‍ സുമാർ 300 ഏക്കർ ആള്‍ത്താമസമില്ലാത്ത വലിയ മരങ്ങളുള്ള കാടുപിടിച്ച പ്രദേശമായതിനാല്‍ ഉച്ചക്കുശേഷം ഉള്ള ദൗത്യം വളരെ ദുർഘടം ആയിരുന്നു. വൈകുന്നേരം 5. 30 വരെ തുടർന്ന ദൗത്യം ഇന്നത്തേക്ക് നിർത്തി. രാത്രി സമയത്ത് ആർആർടിയും മറ്റ് ടീമുകളും സാധാരണ നിലയില്‍ പെട്രോളിങ്ങും പരിശോധനയും നടത്തും.
ഇതിനിടയില്‍ ദൗത്യസംഘം വനത്തിനടുത്ത് പ്രദേശവാസികളായ രണ്ടുപേരെ പത്തിരിപ്പൂവ് ശേഖരിക്കുന്ന നിലയില്‍ കോട്ടപ്പാറ ഭാഗത്ത് കണ്ടെത്തുകയുണ്ടായി. കാട്ടാന ശല്യം രൂക്ഷമായ കോട്ടപ്പാറ ഭാഗത്ത് അപകടകരമായ രീതിയില്‍ ആളുകളെ കണ്ടത് ആശാവാഹമല്ല.
ആദ്യദിവസത്തെ ദൗത്യത്തില്‍ ആറളം വന്യജീവി സങ്കേതം വൈല്‍ഡ് ലൈഫ് വാർഡൻ പ്രദീപ് ജിയുടെ നേതൃത്വത്തില്‍ കൊട്ടിയൂർ റേഞ്ച് ഓഫീസർ സുധീർ നരോത്ത്, കണ്ണൂർ ആർആർ ടി ഡെപ്യൂട്ടി റേഞ്ചർ ഷൈനികുമാർ, കൊട്ടിയൂർ റേഞ്ച്, ആറളം വന്യജീവി സങ്കേതം, ആറളം ഫാം, ടിആർഡിഎം പ്രമോട്ടർമാർ, കമ്മറ്റി പ്രതിനിധികള്‍ ഉള്‍പ്പെടെ 60 ആംഗങ്ങള്‍ പങ്കെടുത്തു.