സംസ്ഥാന സര്‍ക്കാര്‍ കേരളത്തിലെ ജനങ്ങളോട് പറഞ്ഞ മറ്റൊരു വാക്ക് കൂടി പാലിച്ചതായി ആരോഗ്യമന്ത്രി
സംസ്ഥാന സര്‍ക്കാര്‍ കേരളത്തിലെ ജനങ്ങളോട് പറഞ്ഞ മറ്റൊരു വാക്ക് കൂടി പാലിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഹോമിയോ ഡിസ്പെന്‍സറികള്‍ ഇല്ലാത്ത 35 പഞ്ചായത്തുകളിലും 5 മുന്‍സിപ്പാലിറ്റികളിലും കൂടി ഡിസ്പെന്‍സറികള്‍ അനുവദിച്ചാണ് ഇത് യാഥാര്‍ത്ഥ്യമാക്കിയത്. ഇതിനായി 40 ഹോമിയോ മെഡിക്കല്‍ ഓഫീസര്‍മാരുടെ തസ്തികയും സൃഷ്ടിച്ചു. നാഷണല്‍ ആയുഷ് മിഷന്റെ സഹകരണത്തോടുകൂടി ഈ സ്ഥാപനങ്ങളില്‍ ഫാര്‍മസിസ്റ്റുകളെ നിയമിക്കുന്നതാണ്. ഈ 40 ഡിസ്പെന്‍സറികളിലാണ് 33 എണ്ണം പ്രവര്‍ത്തനസജ്ജമായത്. ബാക്കിയുള്ളവ കൂടി ഉടന്‍ പ്രവര്‍ത്തനസജ്ജമാകും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് ഹോമിയോ ഡിസ്പെന്‍സറികള്‍ ആരംഭിക്കുന്നത്. ഇതിനായി പ്രയത്നിച്ച എല്ലാവരേയും മന്ത്രി അഭിനന്ദിച്ചു. സംസ്ഥാനത്ത് പ്രവര്‍ത്തനസജ്ജമായ പുതിയ 33 ഹോമിയോ ഡിസ്പെന്‍സറികളുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.