ഇന്ന് ചെറിയപെരുന്നാൾ
സംസ്ഥാനത്ത് ഇന്ന് ചെറിയ പെരുന്നാള്‍. പെരുന്നാള്‍ നമസ്ക്കാരത്തിനായി ഈദ് ഗാഹുകളും മസ്ജിദുകളും ഒരുങ്ങിക്കഴിഞ്ഞു. ഉത്തരേന്ത്യയിലും ദില്ലിയിലും നാളെയാണ് ചെറിയ പെരുന്നാൾ ആഘോഷിക്കുന്നത്.
സംസ്ഥാനത്ത് 29 ദിവസത്തെ വ്രതാനുഷ്ഠാനം പൂര്‍ത്തിയാക്കിയാണ് ഇസ്ലാം മത വിശ്വാസികള്‍ ചെറിയപെരുന്നാള്‍ ആഘോഷിക്കുന്നത്.
പൊന്നാനി കടപ്പുറത്താണ് ഇന്നലെ മാസപ്പിറ കണ്ടത്. തുടര്‍ന്ന് വിവിധ ഖാസിമാര്‍ ഇക്കാര്യം സ്ഥിരീകരിച്ചു.
ഖാസിമാരുടെ പ്രഖ്യാപനം വന്നതോടെ പള്ളികളില്‍ നിന്നും തഖ്ബീര് ധ്വനികള്‍ മുഴങ്ങി. ഇതോടെ ചെറിയ പെരുന്നാളിന്റെ ആഘോഷങ്ങളിലേക്ക് ഇസ്ലാം മതവിശ്വാസികള്‍ കടന്നു. റമദാനില്‍ കൈവരിച്ച ആത്മവിശുദ്ധിയുടെ കരുത്തുമായാണ് വിശ്വാസികള്‍ ചെറിയ പെരുന്നാളിലേക്ക് പ്രവേശിക്കുന്നത്.
ഒരുമിച്ച് കൂടിയും പരസ്പരം സ്നേഹം പങ്കുവെച്ചുമാണ് കുടുംബങ്ങള്‍ ഒത്തുകൂടുന്നത്. പെരുന്നാളിനെ വരവേല്‍ക്കാന്‍ പള്ളികളും ഈദ്ഗാഹുകളും ഒരുങ്ങി.
വിശ്വാസികൾക്ക് പെരുന്നാൾ ആശംസകൾ നേർന്ന് ഗവർണറും മുഖ്യമന്ത്രിയും. ചെറിയ പെരുന്നാള്‍ ആഘോഷങ്ങള്‍ ഉന്നതമായ സാഹോദര്യത്തിന്റെ പ്രതിഫലനമാകട്ടെയെന്ന് മുഖ്യമന്ത്രി ആശംസിച്ചു. സമൂഹത്തിൽ വർഗീയ വിഷം ചീറ്റി ഐക്യത്തിൽ വിള്ളലുണ്ടാക്കാൻ ശ്രമിക്കുന്ന പിന്തിരിപ്പൻ ശക്തികളെ കരുതിയിരിക്കണമെന്നും മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
ത്യാഗത്തിന്റെയും ഉദാരതയുടെയും മഹിമ വാഴ്ത്തുന്ന ആഘോഷമാണ് ഈദുൽഫിത്തറെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. സ്പീക്കർ എ.എൻ.ഷംസീറും പ്രതിപക്ഷ നേതാവ് വി ഡി സതീശനും ആശംസകള്‍ നേർന്നു.