ഡ്രൈവിങ് സ്കൂള്‍ സമരം പിന്‍വലിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് പുതുതായി നടപ്പാക്കിയ ഡ്രൈവിങ് പരിഷ്കരണത്തിനെതിരെ ഡ്രൈവിങ് സ്കൂള്‍ സമര സമിതി നടത്തി വന്നിരുന്ന സമരം പിന്‍വലിച്ചു. ഡ്രൈവിങ് പരിഷ്കരണത്തില്‍ വിട്ടുവീഴ്ചക്ക് ഗതാഗത വകുപ്പ് മന്ത്രിയും മോട്ടോര്‍ വാഹന വകുപ്പും തയ്യാറായതോടെയാണ് ഇന്ന് വൈകിട്ട് നടന്ന ചര്‍ച്ചയില്‍ സമരം പിന്‍വലിക്കാൻ ഡ്രൈവിങ് സ്കൂള്‍ യൂണിയൻ സമരസമിതി തീരുമാനിച്ചത്.

ഗതാഗത വകുപ്പ് മന്ത്രി കെ.ബി ഗണേഷ് കുമാറുമായും ഗതാഗത വകുപ്പ് ഉന്നത ഉദ്യോഗസ്ഥരുമായും നടത്തിയ ചര്‍ച്ചയിലാണ് പ്രശ്ന പരിഹാരമായത്. സമരം നടത്തിവന്നിരുന്ന മുഴുവൻ യൂണിയനുകളും സമരം പിന്‍വലിച്ചു. ചര്‍ച്ചക്കുശേഷം പുതിയ തീരുമാനങ്ങളും മന്ത്രി കെ.ബി ഗണേഷ് കുമാര്‍ വിശദീകരിച്ചു. ടെസ്റ്റ് വാഹനങ്ങളുടെ പഴക്കം 15 വര്‍ഷത്തില്‍ നിന്ന് 18 വര്‍ഷമാക്കി ഉയര്‍ത്താൻ തീരുമാനിച്ചതായി മന്ത്രി പറഞ്ഞു.

ചര്‍ച്ച പോസിറ്റീവായിരുന്നു. ഡ്രൈവിംഗ് പരിഷ്കരണ സര്‍ക്കുലര്‍ പിന്‍വലിക്കില്ല. എന്നാല്‍, സര്‍ക്കുലറില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തും. രണ്ട് ക്ലച്ചും ബ്രേക്കുമുള്ള വാഹനങ്ങള്‍ ഉപയോഗിക്കാം. മറ്റൊരു സംവിധാനം ഒരുക്കുന്നതുവരെയായിരിക്കും ഈ ഇളവുകള്‍. ക്വാളിറ്റിയുള്ള ലൈസന്‍സ് ഉറപ്പാക്കുകയാണ് ലക്ഷ്യം. ടെസ്റ്റ് വാഹനങ്ങളിലെ ക്യമറ മോട്ടോര്‍ വാഹന വകുപ്പ് വെക്കും.

പ്രതിദിന ടെസ്റ്റുകളുടെ എണ്ണത്തിലും മാറ്റും വരുത്തി. ഒരു എംവിഐ മാത്രമുള്ള സ്ഥലത്ത് പ്രതിദിനം 40 ടെസ്റ്റുകളും രണ്ട് എംവിഐമാരുള്ള സ്ഥലത്ത് 80 ടെസ്റ്റുകളും പ്രതിദിനം നടത്തും. ഡ്രൈവിംഗ് സ്കൂള്‍ പരിശീലന ഫീസ് ഏകോപിപ്പിക്കാനും തീരുമാനിച്ചു. ഇത് പഠിക്കാൻ പുതിയ കമ്മീഷനെ നിയോഗിക്കും. പഴയതുപോലെ ആദ്യം എച്ച് ടെസ്റ്റും അതിനുശേഷം റോഡ‍് ടെസ്റ്റും നടത്തും.  കെഎസ്ആര്‍ടിസി ഡ്രൈവിംഗ് സ്കൂളുകള്‍ തുടങ്ങുമെന്നും മന്ത്രി പറഞ്ഞു.