കൊട്ടിയൂർ ക്ഷേത്രം വൈശാഖോത്സവം 21 മുതൽ
ഇരിട്ടി: കൊട്ടിയൂർ ക്ഷേത്രം വൈശാഖോത്സവം 21-ന് ആരംഭിക്കും. ദർശനത്തിന് എത്തുന്ന ഭക്തർക്ക് കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തും.
നിലവിലെ പാർക്കിങ് സൗകര്യം കൂടാതെ ദേവസ്വം വക നാല് ഏക്കറോളം വരുന്ന സ്ഥലം വാഹന പാർക്കിങ്ങിന് ഉപയോഗപ്പെടുത്തും.
ജലലഭ്യത ഉറപ്പ് വരുത്താൻ ബാവലിപ്പുഴയിൽ മൂന്ന് താൽക്കാലിക തടയണകൾ നിർമിക്കുകയും കൊട്ടിയൂർ ദേവസ്വം വക കിണറുകൾ ശുചീകരിക്കുകയും ചെയ്തു. തിരക്ക് നിയന്ത്രിക്കാൻ 400 വൊളന്റിയർമാരെ നിയോഗിച്ചു.
ക്ഷേത്ര ദർശനത്തിന് എത്തുന്നവർക്ക് ഭക്ഷണം നൽകാൻ സൗകര്യം ഏർപ്പെടുത്തി. ഭക്തർക്ക് പ്രസാദം ലഭ്യമാക്കാനും വഴിപാട് നടത്തുന്നതിനുമായി അക്കരെ കൊട്ടിയൂർ, ഇക്കരെ കൊട്ടിയൂർ, നടുക്കുനി, കിഴക്കേ നട, മന്ദംചേരി എന്നിവിടങ്ങളിൽ കൂടുതൽ വഴിപാട്, പ്രസാദ കൗണ്ടറുകളും ആരംഭിക്കും.
ഉത്സവത്തോടനുബന്ധിച്ച് 40 പർണശാലകൾ നിർമിച്ചിട്ടുണ്ട്. 23 മുതൽ ജൂൺ 13 വരെയാണ് സ്ത്രീകൾക്ക് പ്രവേശനം. ഉത്സവം ജൂൺ 17-ന് സമാപിക്കും.