സംസ്ഥാനത്ത് മൂന്നാം റെയിൽപാത: സർവേ അവസാന ഘട്ടത്തിൽ
സംസ്ഥാനത്ത് മൂന്നാം പാതക്ക് സർവേ ആരംഭിച്ച് റെയിൽവേ. തിരുവനന്തപുരം ഡിവിഷനിലെ എറണാകുളം- ഷൊർണൂർ, പാലക്കാട് ഡിവിഷനിലെ ഷൊർണൂർ- കോയമ്പത്തൂർ, ഷൊർണൂർ- മംഗലാപുരം മേഖലകളിലാണ് മൂന്നാം പാതക്ക് സാധ്യത.
മൂന്ന് മേഖലകളിലെയും ഏരിയൽ സർവേ ഏതാണ്ട് പൂർത്തിയായി. വിശദ സർവേക്കും മണ്ണ് പരിശോധനക്കും ശേഷം പദ്ധതി റിപ്പോർട്ട് കമ്പനി റെയിൽവേ ബോർഡിന് സമർപ്പിക്കും. പാത വന്നാൽ റെയിൽവേക്ക് സാമ്പത്തിക നേട്ടം ഉണ്ടാകുമോ എന്ന് പഠിച്ച ശേഷമാണ് അന്തിമ അനുമതി.
ഷൊർണൂരിൽ നിന്ന് കോയമ്പത്തൂരിലേക്കുള്ള പുതിയ പാതയിൽ മൂന്നിന് പുറമേ നാലാമതൊരു പാതക്കുള്ള അന്തിമ സ്ഥാന നിർണയ സർവേയും നടക്കുന്നുണ്ട്.
എറണാകുളം ഷൊർണൂർ, ഷൊർണൂർ മംഗലാപുരം പാതയിലെ മൂന്നാം പാത സർവേ നിലവിലെ പാതക്ക് സമാന്തരമാണോ എന്ന കാര്യത്തിൽ വ്യക്തതയായിട്ടില്ല. അതേസമയം, ഷൊർണൂർ മംഗലാപുരം പാതയിൽ സമാന്തര പാതക്ക് സാധ്യതയുണ്ട്.