വിപണിയില്‍ മത്സ്യവില കുറയുന്നു.

കോഴിക്കോട്: ചാകരയുടെ ഭാഗമായി മത്തിയും ചെമ്മീനും ലഭിച്ചുതുടങ്ങിയതോടെ വിപണിയില്‍ മത്സ്യവില കുറയുന്നു. കടലില്‍ പോകുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് നല്ലതോതില്‍ മത്സ്യം ലഭിക്കുന്നുണ്ട്.

ട്രോളിംഗ് നിരോധനത്തിനു പിന്നാലെ മത്സ്യവില കുതിച്ചുയര്‍ന്നിരുന്നു. ഇന്നലെ മുതല്‍ ഇത് കുറഞ്ഞുതുടങ്ങി. കിലോയ്ക്ക് 400 രൂപയായിരുന്ന മത്തിക്ക് 200 മുതല്‍ 240 രൂപ വരെയാണ് വില. 300 രൂപയിലായിരുന്ന അയലക്ക് ഇപ്പോള്‍ 230രൂപയാണ്.

ആയിരത്തിനുമുകളില്‍ കയറിയ അയക്കൂറ ഇപ്പോള്‍ 700രൂപയ്ക്ക് ലഭിക്കും. രണ്ടു മാസത്തോളം നീണ്ടു നില്‍ക്കുന്ന ട്രോളിംഗ് നിരോധന കാലത്ത് ചെറു വള്ളങ്ങള്‍ക്ക് മാത്രമാണ് മത്സ്യബന്ധനത്തിന് അനുമതി ഉള്ളത്. ചെറുവള്ളങ്ങളില്‍ എത്തിക്കുന്ന മത്തിക്ക് 400 രൂപയിലധികം വിലയായത് സാധാരണക്കാര്‍ക്ക് തിരിച്ചടിയായിരുന്നു.

മത്തി, അയല, ചെമ്മീന്‍, അയക്കൂറ, നെത്തല്‍ തുടങ്ങിയ മീനുകളാണ് ഹാര്‍ബറില്‍ എത്തുന്നത്. കഴിഞ്ഞ രണ്ട് ദിവസമായി ചെമ്മീന്‍ കിട്ടാത്ത സഥിതിയാണ്. കിലോഗ്രാമിന് 300 രൂപ മുതല്‍ 400 രൂപ വരെ ലഭിച്ചിരുന്ന ചെമ്മീന് 90രൂപയായി കുറഞ്ഞിട്ടുണ്ട്. ഇന്നലെ വില അല്‍പംഉയര്‍ന്ന് 110ലേക്ക് കടന്നു. പൂവാലന് വില കുറഞ്ഞതോടെ ചെറിയ ചെമ്മീന്‍ വിഭാഗത്തിലുള്ള തെള്ളി ഉള്‍പ്പെടെ എല്ലാത്തരം ചെമ്മീനുകള്‍ക്കും വില കുറഞ്ഞു. 200 രൂപ വിലയായിരുന്ന നെത്തലിന് 70 രൂപയിലെത്തി. ഇതുകാരണം ചെമ്മീന്‍ കുറഞ്ഞ വിലയ്ക്ക് വില്‍ക്കേണ്ട അവസ്ഥയാണെന്ന് കച്ചവടക്കാര്‍ പറഞ്ഞു.

തമിഴ്‌നാട്, കര്‍ണാടക, ഗോവ, ആന്ധ്രപ്രദേശ് എന്നീ അയല്‍സംസ്ഥാനങ്ങളില്‍ നിന്നുള്ള മീനിന്‍റെ വരവ് വര്‍ധിച്ചിട്ടുണ്ട്. അയല്‍സംസ്ഥാനങ്ങളില്‍ നിന്ന് കൊണ്ടുവരുന്ന മത്സ്യം പലപ്പോഴും കൃത്യമായി ശീതീകരിക്കാത്തവയും വലിയ അളവില്‍ രാസവസ്തുക്കള്‍ ചേര്‍ത്തവയുമാണ്. ഇവ കഴിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകും. വയറിളക്കം, ഛര്‍ദ്ദി എന്നിവയുണ്ടാക്കാം. ലോറികളില്‍ കൊണ്ടുവരുന്നതിന് പുറമേ ഇപ്പോള്‍ ട്രെയിനില്‍ പോലും അയല്‍സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് മത്സ്യം കൊണ്ടുവരുന്നുണ്ട്.

ട്രോളിംഗ് തുടങ്ങിയതോടെ മത്സ്യലഭ്യത 80 ശതമാനത്തോളം കുറഞ്ഞിരുന്നു. ഇതുകാരണം മത്സ്യത്തൊഴിലാളികളും അനുബന്ധ മേഖലകളിലെ തൊഴിലാളികളും പ്രയാസത്തിലായിരുന്നു. അവര്‍ക്കെല്ലാം മത്തി, നെത്തല്‍, ചെമ്മീന്‍ ചാകര താത്കാലികമായി ആശ്വാസം പകരുകയാണ്. ചെറുവള്ളങ്ങളില്‍ മത്സ്യബന്ധനത്തിന് പോകുന്നവര്‍ക്ക് പലതരം പ്രയാസങ്ങളും നേരിടേണ്ടിവരുന്നു. മണ്ണെണ്ണയ്ക്ക് വില കൂടിയതും സബ്സിഡിയില്‍ കിട്ടാത്തതുമാണ് വലിയ പ്രതിസന്ധി. അതേസമയം കനത്ത മഴയും കടല്‍ പ്രക്ഷുബ്ധമാകുന്നതും കാരണം കടലില്‍ പോകുന്നതിനു വിലക്കുള്ളത് മത്സ്യത്തൊഴിലാളികള്‍ക്ക് തിരിച്ചടിയാണ്.