വയനാട് ദുരന്തം; സിഎംഡിആര്‍എഫിന് പുതിയ സംവിധാനം,രക്ഷാപ്രവർത്തനം അവസാന ഘട്ടത്തിലെന്ന് മുഖ്യമന്ത്രി

വയനാട് മുണ്ടക്കൈ, ചൂരൽമ ഉരുൾപൊട്ടലിൽ രക്ഷാപ്രവർത്തനം അവസാന ഘട്ടത്തിലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കുടുങ്ങിപ്പോയവരെ രക്ഷിക്കുകയായിരുന്നു ആദ്യ ഘട്ടം. പരമാവധി ജീവനുകൾ രക്ഷിക്കുക എന്നതിനായിരുന്നു പ്രാധാന്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജീവൻ്റെ ഒരു തുടിപ്പെങ്കിലും ഉണ്ടെങ്കിൽ കണ്ടെത്തി രക്ഷിക്കാനാണ് ശ്രമിച്ചതെന്ന് മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

ചാലിയാറിൽ നിന്നും കണ്ടെടുക്കുന്ന മൃതദേഹങ്ങൾ തിരിച്ചറിയാൻ ബുദ്ധിമുട്ടാണെന്ന് മുഖ്യമന്ത്രി അറിയിച്ചു. 93 ദുരിതാശ്വാസ ക്യാമ്പുകളിലായി 14042 പേർ താമസിക്കുന്നുണ്ട്. 148 മൃത ശരീരങ്ങൾ കൈമാറി. 206 പേരെ ഇനിയും കണ്ടെത്തേണ്ടതായിട്ടുണ്ട്. ദുരന്തമേഖലയിലും ചാലിയാറിലും തെരച്ചിൽ തുടരുന്നുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. മണ്ണിൽ പുതഞ്ഞ മൃതദേഹങ്ങൾ കണ്ടെത്താനായി ഡൽഹിയിൽ നിന്ന് ഡ്രോൺ ബെയ്സ്ഡ് റഡാർ എത്തുമെന്ന് അദ്ദേഹം അറിയിച്ചു

CMDRF ചുമതലയ്ക്കായി ധനവകുപ്പിൽ ഉദ്ദ്യേഗസ്ഥരുടെ പ്രത്യേക സംവിധാനം ഒരുക്കും. ദുരുപയോഗം ചെയ്യാനുള്ള സാധ്യത കണക്കിലെടുത്ത് യു പി ഐ ക്യു ആർ കോഡ് പിൻവലിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഹെൽപ്പ് ഫോർ വയനാട് സെൽ രൂപീകരിക്കും. സ്ഥലവും വീടും നിർമ്മിച്ചു നൽകാമെന്ന വാഗ്ദാനം ഈ സെൽ ആകും പരിശോധിക്കുക.

പ്രകൃതി ദുരന്തങ്ങളുടെ ആവർത്തനം ഉണ്ടാകുന്നു.കാലാവസ്ഥ വ്യതിയാനമാണ് പ്രക്യതി ദുരന്തങ്ങളുടെ കാരണം. അതിതീവ്രമഴ മുൻകൂട്ടി പ്രവചിക്കാനാകുന്നില്ല. മുന്നറിയിപ്പിൽ കാലഘട്ടത്തിന് അനുസരിച്ച് മാറ്റം വരുത്താൻ എല്ലാവരും തയാറാക്കണമെന്ന് മുഖ്യമന്ത്രി നിർദേശം നൽകി. കേന്ദ്രമാണ് പലപ്പോഴും ഇത്തരം മുന്നറിയിപ്പ് നൽകുന്നത്.കാലാനുസൃതമായി അതിൽ മാറ്റം വരുത്തണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. തീവ്രമഴയുടെ പ്രവചനത്തിനായി മോഡൽ പരാമീറ്റേഴ്സ് വികസിപ്പിക്കാൻ കാലാവസ്ഥ വകുപ്പിനോട് ആവശ്യപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു.