ചെള്ളുപനിയെ‌ സൂക്ഷിക്കണം

കണ്ണൂർ: ശരീര പ്രതിരോധശേഷി തകരാറിലാക്കാനും ചിലപ്പോൾ മരണത്തിലേക്ക് വരെ നയിക്കാനും ശേഷിയുള്ള രോഗമാണ് ചെള്ളുപനി.

തുടക്കത്തിലേ രോഗം കണ്ടെത്തി വൈദ്യസഹായം നൽകിയാൽ രോഗിയെ രക്ഷിക്കാനാകും. ഈ വർഷം ഇതുവരെ ജില്ലയിൽ 15 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. രണ്ട് പേർ മരിച്ചു.

ഇരിട്ടി, പാട്യം, കോളയാട്, മേലൂർ, കണിച്ചൂർ, ചപ്പാരപ്പടവ്, കതിരൂർ, ചെറുതാഴം മേഖലകളിലാണു രോഗ വ്യാപനം കൂടുതൽ.

ചെള്ള് കടിയേറ്റ ഭാഗത്ത് കറുപ്പു നിറമാകും (എഷ് കാർ). 50 ശതമാനത്തിൽ അധികം രോഗികളിലും ഈ നിറ വ്യത്യാസം കാണാം. സാധാരണ രീതിയിൽ 10 മുതൽ 12 ദിവസത്തിന് ഉള്ളിൽ രോഗ ലക്ഷണങ്ങൾ പ്രകടമാകും.

പനി, കടുത്ത തലവേദന, ചെങ്കണ്ണ് പോലെ കണ്ണുകൾ ചുവക്കുക, കഴല വീക്കം, ചുമ, പേശീവേദന, ശരീരത്തിൽ പാടുകൾ കാണപ്പെടുക വിറയൽ തുടങ്ങിയവയാണ് രോഗ ലക്ഷണങ്ങൾ. വീൽ ഫെലിക്സ് ടെസ്റ്റ്, എലീസ ടെസ്റ്റ് എന്നിവയിലൂടെ രോഗം സ്ഥിരീകരിക്കാം.

എലി, അണ്ണാൻ, മുയൽ പോലുള്ള ജീവികളിലും ചില ഉരഗങ്ങളിലും കാണപ്പെടുന്ന ഒരു തരം ചെള്ളിലാണ് പനിക്ക് കാരണമാകുന്ന ബാക്ടീരിയ വളരുന്നത്. ഈ ചെള്ള് മനുഷ്യനെ കടിച്ചാൽ ഈ രോഗം പിടിപെടാം.

ഒറെൻഷ്യ സുസുഗാമുഷി എന്ന ചെള്ളിലെ ബാക്ടീരിയ മനുഷ്യ ശരീരത്തിൽ പ്രവേശിക്കുന്നത് മൂലം ഉണ്ടാകുന്ന പനിയാണിത്. ഈ ചെള്ളിന്റെ ജീവിത ചക്രത്തിലെ ഒരു ഘട്ടമാണ് ചിഗർ എന്ന ലാർവ അവസ്ഥ.

ഈ അവസ്ഥയിലാണ് ചെള്ളുകൾ രോഗം പടർത്തുക. ചിഗർ ലാർവ മനുഷ്യരെ കടിക്കുമ്പോൾ ബാക്ടീരിയ മനുഷ്യ ശരീരത്തിൽ എത്തും. രക്തത്തിൽ കടന്ന് പെരുകും.