കിയാലിന് സാമ്പത്തിക സഹായവുമായി ആർ.ഇ.സി

മട്ടന്നൂർ: സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കണ്ണൂർ വിമാനത്താവള കമ്പനിക്ക് റൂറൽ ഇലക്ട്രിഫിക്കേഷൻ കോർപ്പറേഷൻ സാമ്പത്തിക സഹായം നൽകും.

ഇതിനുള്ള ധാരണാപത്രം കിയാലും ആർ ഇ സി ലിമിറ്റഡും തമ്മിൽ ഒപ്പുവെച്ചു.

തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ കിയാൽ എം ഡി സി.ദിനേശ് കുമാറും ആർ ഇ സി ലിമിറ്റഡ് ചീഫ് പ്രോഗ്രാം മാനേജർ എം ഉദയ് കുമാറും ധാരണാപത്രം ഒപ്പിട്ടു.

കിയാലിന്റെ കടബാധ്യത ആർ ഇ സി ഏറ്റെടുക്കുകയും സാമ്പത്തിക സഹായം ലഭ്യമാക്കുകയും ചെയ്യും.

നിലവിൽ സൗത്ത് ഇന്ത്യൻ ബാങ്ക്, ഫെഡറൽ ബാങ്ക്, കനറാ ബാങ്ക് എന്നിവ ഉൾപ്പെട്ട ബാങ്കിങ് കൺസോർഷ്യമാണ് കണ്ണൂർ വിമാനത്താവളത്തിന് വായ്പ അനുവദിച്ചിരുന്നത്.

രാജ്യത്ത് ഊർജ മേഖലയിൽ മാത്രം നിക്ഷേപം നടത്തിയിരുന്ന ആർ ഇ സി അടുത്തിടെയാണ് ദേശീയ പാത, വിമാനത്താവളം തുടങ്ങിയ അടിസ്ഥാന വികസന മേഖലയിലേക്ക് കടന്നത്.