കെഎസ്ആര്‍ടിസി ബസുകളുടെ സര്‍വീസ് കാലാവധി നീട്ടി സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസുകളുടെ സര്‍വീസ് കാലാവധി നീട്ടി സംസ്ഥാന സര്‍ക്കാര്‍. നാളെ 15 വർഷം പൂർത്തിയാകുന്ന ബസുകളുടെ സര്‍വീസ് കാലാവധിയാണ് നീട്ടിയത്. സര്‍ക്കാരിന്‍റെ നിര്‍ണായക തീരുമാനത്തിലൂടെ 15വര്‍ഷം തികയുന്ന ബസുകള്‍ക്ക് നിരത്തിൽ സര്‍വീസ് തുടരാനാകും. അതേസമയം, കേന്ദ്ര ഗതാഗത നിയമം നിലനില്‍ക്കെ സംസ്ഥാന സര്‍ക്കാരിന്‍റെ തീരുമാനം തിരിച്ചടിയാകുമോയെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്. കാലാവധി നീട്ടലിൽ കേന്ദ്രത്തിന്‍റെ അന്തിമ തീരുമാനവും നിര്‍ണായകമാകും.

1117 ബസുകളുടെ കാലാവധി രണ്ടു വർഷത്തേക്ക് കൂടിയാണ് നീട്ടി നൽകിയത്. കാലാവധി പൂര്‍ത്തിയാകുന്ന കെഎസ്ആര്‍ടിസി ബസുകള്‍ പിൻവലിച്ചാലുണ്ടാകുന്ന യാത്രാക്ലേശം പരിഗണിച്ചാണ് സര്‍ക്കാര്‍ നടപടിയെന്നാണ് ഗതാഗത വകുപ്പ് വ്യക്തമാക്കുന്നത്. ഇത് പുതിയ നിയമ കുരുക്കിനിടയാക്കുമോയെന്ന ആശങ്കയാണ് നിലനില്‍ക്കുന്നത്. എന്നാല്‍, കാലാവധി നീട്ടുന്നതിൽ അന്തിമ തീരുമാനം എടുക്കേണ്ടത് കേന്ദ്രമാണെന്നാണ് ഗതാഗത വകുപ്പ് പറയുന്നത്. കാലാവധി നീട്ടണം എന്നാവശ്യപ്പെട്ടു മന്ത്രി ഗണേഷ് കുമാർ, കേന്ദ്ര മന്ത്രി നിധിൻ ഗഡ്ഗരിക്ക് രണ്ടാഴ്ച മുൻപ് കത്ത് നൽകിയിരുന്നു. ഒരു മറുപടിയും ഇല്ലാത്തത്തിനെ തുടർന്നാണ് സർക്കാരിന്‍റെ നടപടി.
കാലാവധി പൂര്‍ത്തിയാകുകയാണെങ്കിലും ബസുകളുടെ കണ്ടീഷൻ നല്ലതാണെന്നും കാലാവധി നീട്ടി നല്‍കണമെന്നുമാണ് കേന്ദ്രത്തിനയച്ച കത്തിൽ ഗതാഗത വകുപ്പ് ആവശ്യപ്പെട്ടിരുന്നത്. നേരത്തെ ബസുകളുടെ കാലാവധി പൂര്‍ത്തിയാകുന്ന സാഹചര്യത്തിൽ പുതിയ ബസുകള്‍ വാങ്ങാൻ സര്‍ക്കാര്‍ തുക അനുവദിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും തുടര്‍ നടപടിയുണ്ടായില്ല.