വിദ്യാലയങ്ങൾക്ക് നക്ഷത്ര പദവി: മാർഗരേഖയായി

കണ്ണൂർ:ജില്ലയിലെ വിദ്യാലയങ്ങൾക്ക് ഹരിത, ശുചിത്വ പ്രവർത്തനങ്ങൾ പരിഗണിച്ച് നൽകുന്ന നക്ഷത്ര പദവിക്കുള്ള മാർഗരേഖ പുറത്തിറക്കിയതായി ഹരിത കേരളം ജില്ലാ മിഷൻ കോർഡിനേറ്റർ അറിയിച്ചു. 2025 മാർച്ച് 30 നകം സമ്പൂർണ ശുചിത്വ സംസ്ഥാനം എന്ന ലക്ഷ്യം കൈവരിക്കുന്നതിന്റെ ഭാഗമായാണ് ഹരിത വിദ്യാലയ പ്രവർത്തനങ്ങൾ നടത്തുന്നത്. ഹരിത വിദ്യാലയപ്രഖ്യാപനം നടത്തുന്ന വിദ്യാലയങ്ങൾ തയ്യാറാക്കുന്ന സ്വയം വിലയിരുത്തൽ റിപ്പോർട്ട് അടിസ്ഥാനമാക്കി നക്ഷത്ര പദവി സമ്മാനിക്കും.

സുസ്ഥിരമായ ഹരിത-ശുചിത്വ പ്രവർത്തനങ്ങൾക്ക് മുൻഗണന നൽകി ഫൈവ് സ്റ്റാർ വരെ നക്ഷത്ര പദവികൾ വിദ്യാലയങ്ങൾക്ക് സമ്മാനിക്കും. നവംബർ ഒന്നിനും ഡിസംബർ 31നും രണ്ട് ഘട്ടങ്ങളിലായി ഹരിത വിദ്യാലയ പ്രഖ്യാപനം നടത്തുന്ന വിദ്യാലയങ്ങളിൽ നിന്നാണ് നക്ഷത്ര പദവിക്കർഹമായ വിദ്യാലയങ്ങളെ തെരഞ്ഞെടുക്കുക.

ഹരിത -ശുചിത്വ മാലിന്യ സംസ്‌കരണ രംഗത്ത് നേരിടുന്ന വിടവുകൾ വിദ്യാലയ പി.ടി.എ യോഗങ്ങൾ പ്രത്യേകം വിളിച്ചു ചേർത്ത് ചർച്ച ചെയ്തു പരിഹരിക്കണം. വേൾഡ് വിഷൻ ന്യൂസ്. അലൂമ്‌നി അസോസിയേഷനുകൾ, വ്യത്യസ്ത സംഘടനകൾ, സ്ഥാപനങ്ങൾ എന്നിവയുടെ സഹകരണത്തോടെ വിവിധ കർമ്മ പരിപാടികൾ തയ്യാറാക്കി നടപ്പിലാക്കണം. വിദ്യാലയങ്ങളിലെ മാലിന്യ സംസ്‌കരണ മേഖലയിലെയും ഹരിതാവസ്ഥയുടെയും പ്രയാസങ്ങളും പിന്നോക്കാവസ്ഥയും പി.ടി.എ കണ്ടെത്തി പ്രാദേശിക വിദ്യാഭ്യാസ സമിതിക്ക് കൈമാറണം.

ഇതിനായി സ്വയം വിലയിരുത്തൽ ഓരോ വിദ്യാലയവും നടത്തണം. ജില്ലാ പഞ്ചായത്ത് അംഗങ്ങൾ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരുടെ നേതൃത്വത്തിൽ രുപീകരിക്കുന്ന സമിതിയാണ് വിദ്യാലയങ്ങൾ തയ്യാറാക്കുന്ന സ്വയം വിലയിരുത്തൽ രേഖ നിരീക്ഷിക്കുക.

നവംബർ ഒന്ന് ഹരിത വിദ്യാലയ പ്രഖ്യാപനം നടത്തുന്ന വിദ്യാലയങ്ങളിലാണ് ബ്ലോക്ക് തല ടീം ആദ്യഘട്ടത്തിൽ സന്ദർശനം. കമ്മറ്റി തയ്യാറാക്കുന്ന റിപ്പോർട്ട് അടിസ്ഥാനമാക്കി ജില്ലാ വിദ്യാഭ്യാസ ഓഫീസർ നൽകുന്ന പോയിന്റുകൾ പരിഗണിച്ച് വിദ്യാലയങ്ങൾക്ക് നക്ഷത്ര പദവി സമ്മാനിക്കും.
ജനവരി 26 ന് നടക്കുന്ന ജില്ലാതല പരിപാടിയിൽ നക്ഷത്ര പദവി സമ്മാനിക്കുമെന്നും ജില്ലാ മിഷൻ കോർഡിനേറ്റർ അറിയിച്ചു.