കേരളത്തിൽ നിന്നുള്ള ആദ്യ ഹജ്ജ് വിമാനം മേയ് 16-ന്

കൊണ്ടോട്ടി: കേരളത്തിൽ നിന്നുള്ള അടുത്ത വർഷത്തെ ആദ്യ ഹജ്ജ് വിമാനം മേയ് 16-ന് പുറപ്പെടും. ജിദ്ദയിലേക്കായിരിക്കുമിത്. മടക്ക യാത്ര മദീനയിൽ നിന്നായിരിക്കും. കേരളത്തിൽ നിന്നുള്ള ഹാജിമാരുടെ മടക്കയാത്ര ജൂൺ 21 മുതൽ ജൂലായ് 10 വരെ ആയിരിക്കും.

ഹജ്ജ് സർവീസ് നടത്തുന്നതിന് വിമാന കമ്പനികൾക്കുള്ള ടെൻഡർ നോട്ടീസിലാണ് കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം വിവിധ വിമാന താവളങ്ങളിൽ നിന്നുള്ള യാത്രാസമയം വ്യക്തമാക്കിയത്. കേരളത്തെ രണ്ടാം ഘട്ടത്തിലാണ് പരിഗണിച്ചിരിക്കുന്നത്. രാജ്യത്ത് നിന്നുള്ള ആദ്യ ഹജ്ജ് വിമാനം ഏപ്രിൽ 29-ന് പുറപ്പെടും. ഒന്നാം ഘട്ടത്തിൽ മേയ് 15 വരെയാണ് സർവീസ്.

കേരളത്തിൽ നിന്ന് മൂന്ന് വിമാന താവളങ്ങൾ വഴി 14,983 സീറ്റുകളാണ് ടെൻഡറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 5591 പേർ കരിപ്പൂരിൽ നിന്നും 5482 പേർ കൊച്ചിയിൽ നിന്നും 3910 പേർ കണ്ണൂരിൽ നിന്നും പുറപ്പെടുമെന്നാണ് കണക്കാക്കിയത്. രണ്ടാം ഘട്ടത്തിലായതിനാൽ മറ്റ് സംസ്ഥാനങ്ങളിൽ ഒഴിവ് വരുന്ന സീറ്റുകൾ കേരളത്തിന് ലഭിക്കാൻ സാധ്യതയുണ്ട്.