മണ്ഡല മകരവിളക്ക് ഉത്സവത്തിനെരുങ്ങി ശബരിമല

ശബരിമലയിലെ ഈ വര്‍ഷത്തെ മണ്ഡല-മകരവിളക്ക് തീര്‍ഥാടനത്തിനുള്ള എല്ലാ ഒരുക്കങ്ങളും അവസാനഘട്ടത്തിലേക്ക് നീങ്ങുന്നതായി ദേവസ്വം വകുപ്പ് മന്ത്രി വിഎന്‍ വാസവന്‍ വ്യക്തമാക്കി. യുദ്ധകാല പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാന്‍ വേണ്ട നടപടികള്‍ക്ക് പമ്പയില്‍ നടന്ന അവലോകന യോഗത്തില്‍ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.ഈ വര്‍ഷം കൂടുതല്‍ തീര്‍ഥാടകര്‍ എത്തുമെന്ന പ്രതീക്ഷയില്‍, സര്‍ക്കാര്‍ മികച്ച സൗകര്യങ്ങള്‍ ഒരുക്കുന്നു. സുഗമമായ ദര്‍ശനത്തിനായുള്ള എല്ലാ ക്രമീകരണങ്ങളും സര്‍ക്കാരും ദേവസ്വം ബോര്‍ഡും ഒരുക്കിയിട്ടുണ്ട്. പ്രധാന ഇടത്താവളങ്ങളില്‍ ഒന്നിലധികം തവണ യോഗങ്ങള്‍ നടത്തി. പമ്പയില്‍ ഇത് രണ്ടാം തവണയാണ് അവലോകന യോഗം നടക്കുന്നത്. തീര്‍ഥാടകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ആവശ്യമായ സഹായം ലഭ്യമാക്കുന്നതിനും മണ്ഡല, മകരവിളക്കു കാലം മുഴുവന്‍ പൊലീസിന്റെ സേവനം സജ്ജമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.വിര്‍ച്വല്‍ ക്യൂ സംവിധാനം മികച്ച രീതിയില്‍ തന്നെ തയ്യാറാക്കും. പ്രധാന ഇടത്താവളങ്ങളില്‍ ഭക്തര്‍ക്ക് ബുക്കിങ്ങിന് സൗകര്യമുണ്ടാകും. കാനനപാതകള്‍ ഉള്‍പ്പെടെയുള്ള തീര്‍ഥാടനപാതയിലെ എല്ലാ പ്രധാന കേന്ദ്രങ്ങളും തുറന്നുകൊടുക്കാനും ഇവിടങ്ങളില്‍, ആവശ്യമായ താത്കാലിക ടോയ്ലെറ്റുകളും വിരി ഷെഡ്ഡുകളും സ്ഥാപിക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.