ക്രിസ്മസ്-പുതുവത്സര വിപണിയുമായി കൺസ്യൂമർഫെഡ്

കണ്ണൂർ: സംസ്ഥാന സഹകരണ വകുപ്പിന്റെ നേതൃത്വത്തിൽ കൺസ്യൂമർ ഫെഡ് മുഖേന നടത്തുന്ന ക്രിസ്മസ് പുതുവത്സര വിപണിക്ക് ജില്ലയിൽ തുടക്കമായി.

നിത്യോപയോഗ സാധനങ്ങളായ അരി, പഞ്ചസാര, ചെറുപയർ, മുളക്, മല്ലി, വെളിച്ചെണ്ണ, കടല ഉൾപ്പെടെ 13 ഇനങ്ങൾ സബ്സിഡിയോടെ ലഭിക്കും.

കൂടാതെ, ത്രിവേണി തേയില, ബിരിയാണി അരി, ആട്ട, റവ, മൈദ, അരിപ്പൊടി ഉൾപ്പെടെ അവശ്യ സാധനങ്ങൾ വിപണി വിലയേക്കാൾ വില കുറച്ച് നോൺ സബ്സിഡി ഉത്‌പന്നങ്ങളായും വിതരണം ചെയ്യുന്നുണ്ട്.

വിപണിയിലൂടെ പ്രതിദിനം 300 കുടുംബങ്ങൾക്ക് റേഷൻ കാർഡിന്റെ അടിസ്ഥാനത്തിൽ 13 ഇനം സബ്സിഡി സാധനങ്ങൾ സർക്കാർ നിശ്ചയിച്ചിട്ടുള്ള അതേ അളവിലും വിലയിലും ലഭിക്കും.

കൂടാതെ, ത്രിവേണി സൂപ്പർ മാർക്കറ്റിലൂടെ പ്രതിദിനം 75 കുടുംബങ്ങൾക്കും സബ്സിഡി വിതരണം ഉണ്ടാകും. ജനുവരി ഒന്ന് വരെയാണ് വിപണി പ്രവർത്തിക്കുക.