ജില്ലാ കേരളോത്സവം27 മുതൽ അഴീക്കോട്

കണ്ണൂർ: സംസ്ഥാന യുവജനക്ഷേമ ബോർഡും ജില്ലാ പഞ്ചായത്തും സംഘടിപ്പിക്കുന്ന ജില്ലാ കേരളോത്സവം 27, 28, 29 തീയതികളിൽ അഴീക്കോട് ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും.

സ്റ്റേജിതര മത്സരങ്ങളുടെ ഉദ്ഘാടനം 27-ന് രാവിലെ 9.30-ന് ലളിതകല അക്കാദമി വൈസ് ചെയർമാൻ എബി എൻ ജോസഫ് നിർവഹിക്കും.

സ്റ്റേജ് മത്സരങ്ങളുടെ ഉദ്ഘാടനം 28-ന് വൈകിട്ട് അഞ്ചിന് സ്പീക്കർ എ എൻ ഷംസീർ നിർവഹിക്കും. കുടുംബശ്രീ പ്രവർത്തകർ അവതരിപ്പിക്കുന്ന ജലസംഗീത ശില്പവും അരങ്ങേറും.

ജില്ലയിലെ പതിനൊന്ന് ബ്ലോക്ക് പഞ്ചായത്തുകൾ, ഒൻപത് നഗരസഭകൾ, കോർപറേഷൻ എന്നിവിടങ്ങളിൽ നടത്തിയ മത്സരങ്ങളിൽ വിജയികളായ മൂവായിരത്തിൽ അധികം യുവജനങ്ങളാണ് പങ്കെടുക്കുക.

18 മുതൽ 40 വയസ് വരെയുള്ള മത്സരാർഥികളാണ് പരിപാടിയിൽ പങ്കെടുക്കുക. വൻകുളത്ത് വയൽ ഹയർ സെക്കൻഡറി സ്‌കൂൾ, അക്ലിയത്ത് എൽ പി സ്‌കൂൾ, പഞ്ചായത്ത് മിനി സ്റ്റേഡിയം, അഴീക്കോട്‌ ബാങ്ക് ഹാൾ എന്നിവയാണ് പ്രധാന വേദികൾ.