പൈതൽ മല സ്ത്രീസൗഹൃദ ടൂറിസം കേന്ദ്രമാകും.
പൈതൽ മല സ്ത്രീസൗഹൃദ ടൂറിസം കേന്ദ്രമാകും. സ്ത്രീകൾ മാത്രമടങ്ങുന്ന യാത്രാ സംഘങ്ങൾക്ക് സുരക്ഷിതമായി സഞ്ചരിക്കാനും താമസിക്കാനും ട്രക്കിങ് ഉൾപ്പെടെയുള്ള യാത്രാ അനുഭവങ്ങൾ തേടുന്നതിനുമുള്ള സൗകര്യങ്ങൾ ഒരുക്കും.
സജീവ് ജോസഫ് എം എൽ എയുടെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ നടത്തുന്നത്. ഇതിന് മുന്നോടിയായി ജനുവരി 5ന് സ്ത്രീ സംരംഭകരുടെ രാജ്യത്തെ ആദ്യ സംഘടനായ വിമൻ ചേംബർ ഓഫ് കൊമേഴ്സ് സംഘം ഇരിക്കൂറിൽ എത്തി എം എൽ എയുമായി ചർച്ച നടത്തും. ടൂറിസം മേഖലയിലെ വനിതാ സംരംഭകരും സസ്റ്റൈനബിൾ ടൂറിസം സ്റ്റാർട്ടപ്പ് ഉടമകളും വിമൻ ഒൺലി ടൂർ ഓപ്പറേറ്റർമാരും സംഘത്തിൽ ഉണ്ടാകും. ഇരിക്കൂറിലെ ടൂറിസം മേഖലയിൽ നിന്നുള്ളവരും ചർച്ചയിൽ പങ്കെടുക്കും.
ഭാവിയിൽ പൈതൽ മലയിലേക്ക് സഞ്ചാര പ്രേമികളായ സ്ത്രീകളെ എത്തിക്കുന്നതിന് വിമൻ ചേംബർ മുൻകൈയെടുക്കും. ‘പൈതൽമല വിമൻ സേഫ്റ്റി ഡെസ്റ്റിനേഷൻ’ എന്ന കാംപയിനും സംഘടന ഏറ്റെടുത്ത് നടത്തും. സ്ത്രീ സംരംഭകർ മാത്രമുള്ള രാജ്യത്തെ ആദ്യ ട്രേഡ് സംഘടനയാണ് വിമൻ ചേംബർ ഓഫ് കൊമേഴ്സ്. കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രിയുടെ അഫിലിയേഷനുള്ള സംഘടനയിൽ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള സ്ത്രീ സംരംഭകർ, പ്രൊഫഷണലുകൾ, ടൂർ ഓപ്പറേറ്റർമാർ, സ്റ്റാർട്ടപ്പ് മേധാവികൾ തുടങ്ങിയ അംഗങ്ങളുണ്ട്.