കരിമല കാനനപാതയില്‍ നാളെ മുതല്‍ 14 വരെ പ്രവേശനമില്ല

പത്തനംതിട്ട: കരിമല വഴിയുള്ള പരമ്പരാഗത കാനന പാതയില്‍ നാളെ മുതല്‍ മകര വിളക്ക് ദിവസമായ 14 വരെ തീര്‍ഥാടകര്‍ക്ക് പ്രവേശനമില്ല.

എരുമേലി പേട്ടതുള്ളല്‍ കഴിഞ്ഞ് വരുന്ന അമ്പലപ്പുഴ, ആലങ്ങാട് സംഘത്തിന് മാത്രമാണ് കാനന പാതയിലൂടെ പമ്പയിലേക്ക് പോകാന്‍ ഈ ദിവസങ്ങളില്‍ അനുമതിയുള്ളത്.

തീര്‍ഥാടകരെ മുക്കുഴിയില്‍ നിന്ന് തിരിച്ചയക്കും. നിലയ്ക്കല്‍ വഴി മാത്രമേ ഈ ദിവസങ്ങളില്‍ പമ്പയിലേക്ക് പോകാന്‍ അനുവദിക്കൂ.

പമ്പയില്‍ പ്രവര്‍ത്തിച്ചുവന്ന സ്‌പോട് ബുക്കിങ് കൗണ്ടറുകള്‍ പൂര്‍ണമായും നിലയ്ക്കലിലേക്ക് മാറ്റി. ഇന്നലെ മുതല്‍ സ്‌പോട് ബുക്കിങ് 5000 മാത്രമായി കുറച്ചു.

മകരവിളക്ക് ദിവസമായ 14ന് സ്‌പോട് ബുക്കിങ് വഴി ആയിരം പേര്‍ക്ക് മാത്രമാണ് ദര്‍ശനം നടത്താന്‍ സാധിക്കുക. 12ന് രാവിലെ 8 മുതല്‍ 15ന് ഉച്ചക്ക് 2 വരെ പമ്പ ഹില്‍ ടോപ്പില്‍ പാര്‍ക്കിങ് അനുവദിക്കില്ല.

തീര്‍ഥാടകരുടെ വാഹനങ്ങള്‍ക്ക് ചാലക്കയത്ത് പാര്‍ക്കിങ് ഒരുക്കും.