മുടി മാലിന്യം പൂർണ ശാസ്ത്രീയ സംസ്‌കരണം ഉറപ്പാക്കുമെന്ന് മന്ത്രി രാജേഷ്

തിരുവനന്തപുരം:
സംസ്ഥാനത്തെ എല്ലാ സലൂണുകളിലും ബാര്‍ബര്‍ ഷോപ്പുകളിലും ബ്യൂട്ടി പാര്‍ലറുകളിലും സൃഷ്ടിക്കപ്പെടുന്ന മുടി മാലിന്യം ശാസ്ത്രീയമായി സംസ്‌കരിക്കുന്നുവെന്ന് ഉറപ്പാക്കണമെന്ന് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എംബി രാജേഷ് നിര്‍ദേശിച്ചു. മേഖലയുമായി ബന്ധപ്പെട്ട വിവിധ സംഘടനാ പ്രതിനിധികളുമായി വിഷയം മന്ത്രി വിശദമായി ചര്‍ച്ച ചെയ്തു. എല്ലാ ഷോപ്പുകളും സര്‍ക്കാര്‍ അംഗീകരിച്ച ഏജന്‍സികള്‍ക്ക് മാത്രമേ മാലിന്യം കൈമാറുകയുള്ളൂവെന്ന് സംഘടനകള്‍ മന്ത്രിക്ക് ഉറപ്പുനല്‍കി.

സംസ്‌കരണപ്ലാന്റുകളുണ്ടെന്നും കൃത്യമായി പ്രവര്‍ത്തനം നടത്തുന്നുവെന്നും പൊല്യൂഷന്‍ കൺട്രോള്‍ ബോര്‍ഡും ശുചിത്വമിഷനും നേരിട്ട് വിലയിരുത്തിയാണ് ഏജന്‍സികള്‍ക്ക് അംഗീകാരം നല്‍കുന്നത്. ഇത്തരം ഏജന്‍സികള്‍ക്ക് മുടി മാലിന്യം കൈമാറുന്നുവെന്ന് ഉറപ്പാക്കി മാത്രമേ അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ സലൂണ്‍ വിഭാഗത്തിലുള്ള സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സ് പുതുക്കിനല്‍കൂ. മുടി മാലിന്യത്തിനൊപ്പം ബ്ലേഡ്, പ്ലാസ്റ്റിക്, ഏപ്രണ്‍, കോട്ടണ്‍, ടിഷ്യൂ തുടങ്ങിയ മാലിന്യവും ഇതേ ഏജന്‍സികള്‍ തന്നെ ഷോപ്പുകളില്‍ നിന്ന് ശേഖരിക്കും. കടകളിലെ എല്ലാ അജൈവ മാലിന്യവും ഏജന്‍സികള്‍ വഴി ശേഖരിക്കുന്നുവെന്ന് ഉറപ്പാക്കിയ ശേഷം മാത്രം, ഹരിതകര്‍മസേനയുടെ യൂസര്‍ഫീസില്‍ നിന്ന് ഇത്തരം കടകളെ ഒഴിവാക്കും. അതേസമയം, ഭക്ഷണമാലിന്യം, സാനിറ്ററി മാലിന്യം എന്നിവ ഉത്പാദിപ്പിക്കുന്നുണ്ടെങ്കില്‍ ഹരിതകര്‍മ സേനയ്ക്ക് പണം നല്‍കണമെന്നും യോഗത്തില്‍ ധാരണയായി
നിലവില്‍ ഏജന്‍സികളുടെ ഫീസ് നിരക്കുകള്‍ ഉയര്‍ന്നതാണെന്ന സംഘടനകളുടെ പരാതി വിശദമായി പരിശോധിക്കാന്‍ ശുചിത്വമിഷനെ മന്ത്രി ചുമതലപ്പെടുത്തി. മാലിന്യത്തിന്റെ അളവ് കണക്കാക്കി ഫീസ് ഘടന നിശ്ചയിച്ചുനല്‍കും. സംസ്ഥാനത്ത് ലൈസന്‍സുള്ള 27,690 സ്ഥാപനങ്ങളില്‍ എണ്ണായിരത്തോളം മാത്രമാണ് നിലവില്‍ ശാസ്ത്രീയമായ സംസ്‌കരണത്തിന് മാലിന്യം കൈമാറുന്നുള്ളൂ. എല്ലാ സ്ഥാപനങ്ങളെയും ഈ പരിധിയില്‍ എത്തിക്കാന്‍ സംഘടനകളുടെ സഹകരണം മന്ത്രി അഭ്യര്‍ഥിച്ചു. മാലിന്യമുക്തം നവകേരളം ക്യാമ്പയിനിൽ സര്‍ക്കാരിനൊപ്പം അണിനിരന്ന്, എല്ലാ ഷോപ്പുകളും അംഗീകൃത ഏജന്‍സികള്‍ക്ക് മാലിന്യം കൈമാറുന്നുവെന്ന് ഉറപ്പാക്കുമെന്ന് എല്ലാ സംഘടനകളും മന്ത്രിയെ അറിയിച്ചു.

സംസ്ഥാനത്ത് 27,690 സ്ഥാപനങ്ങള്‍ പ്രതിവര്‍ഷം 900 ടണ്‍ മനുഷ്യ മുടി മാലിന്യം ഉത്പാദിപ്പിക്കപ്പെടുന്നതായാണ് ഏകദേശ കണക്ക്. മുടി മാലിന്യം വെള്ളം അധികം വലിച്ചെടുക്കാത്തതിനാൽ, ഏതാണ്ട് ഒന്ന് മുതല്‍ രണ്ട് വര്‍ഷം വരെ എടുത്താണ് മണ്ണിലേക്ക് വിഘടിച്ച് ചേരുന്നത്. അതുകൊണ്ട് തന്നെ മുടി മാലിന്യം പലയിടങ്ങളിലും ജലസ്രോതസ്സുകളിലേക്കും പൊതുയിടങ്ങളിലും തള്ളുന്നതും സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇതുമൂലം വെള്ളത്തില്‍ നൈട്രജന്റെ അളവ് കൂടുകയും യൂട്രോഫികേഷന് (Eutrophication) കാരണമാവുകയും ചെയ്യുന്നു. കൂടാതെ മുടി മാലിന്യം കത്തിക്കുകയാണെങ്കില്‍ അതില്‍ നിന്നും അമോണിയ, ഹൈഡ്രജന്‍ സള്‍ഫൈഡ്, സള്‍ഫര്‍ ഡയോക്‌സൈഡ് പോലുള്ള വിഷ വാതകങ്ങള്‍ ഉണ്ടാകുന്നു. അതുകൊണ്ടുതന്നെ ശാസ്ത്രീയമായി മുടി മാലിന്യം സംസ്‌കരിക്കേണ്ടത് അത്യാവശ്യമാണ്.

ഒരു പരിധി വരെ മുടി പുനരുപയോഗിക്കാന്‍ സാധിക്കും. സൗന്ദര്യവര്‍ധക, ഫാഷന്‍ മേഖലകളില്‍ ഹെയര്‍ എക്സ്റ്റന്‍ഷന്‍, വിഗ്ഗുകള്‍, കണ്‍പീലികള്‍, മീശ, താടി, മറ്റ് സൗന്ദര്യവര്‍ധക സാധനങ്ങളായി മുടി മാലിന്യം പുനരുപയോഗിക്കുന്നു. കൂടാതെ ഷാംപൂകള്‍, എണ്ണകള്‍, കണ്ടീഷണറുകള്‍, ചായങ്ങള്‍ മുതലായവയുടെ ഗുണനിലവാരം പരീക്ഷിക്കുന്നതിനായി റീസൈക്കിള്‍ ചെയ്ത മുടി ഉപയോഗിക്കുന്നു. പുനരുപയോഗിക്കാന്‍ കഴിയാത്ത മുടി മാലിന്യം വളമാക്കി മാറ്റുന്നതിനുള്ള ടെക്‌നോളജിയും നിലവിലുണ്ട്. കേരളത്തില്‍ നിലവില്‍ വളമാക്കി മാറ്റുന്ന സാങ്കേതിക വിദ്യ ഉപയോഗിക്കുന്നുണ്ട്.