മകരവിളക്ക് തീര്‍ത്ഥാടനം;ശബരിമലയില്‍ തിരക്ക് വര്‍ധിക്കുന്നു,സ്‌പോട്ട് ബുക്കിംഗിന് നിയന്ത്രണം.

മകരവിളക്കിന് മൂന്ന് ദിവസം ബാക്കി നില്‍ക്കെ ശബരിമലയില്‍ തിരക്ക് വര്‍ധിക്കുന്നു. ഇന്നലെയും തൊണ്ണൂറായിരത്തോളം തീര്‍ത്ഥാടകര്‍ ദര്‍ശനം നടത്തി. മകരവിളക്ക് ദര്‍ശനം മുന്നില്‍ കണ്ട് ഇതര സംസ്ഥാനത്ത് നിന്നെത്തുന്ന തീര്‍ത്ഥാടകര്‍ വിരി വെച്ച് സന്നിധാനത്ത് തങ്ങി തുടങ്ങി.നാളെ മുതല്‍ ചൊവ്വാഴ്ച വരെ മുക്കുഴി കാനന പാത വഴി തീര്‍ത്ഥാടകരെ കടത്തിവിടില്ല. സത്രം വഴിയുള്ള യാത്രക്ക് തടസമില്ല. തിരക്ക് നിയന്ത്രിക്കാന്‍ വെര്‍ച്വല്‍ , സ്‌പോട്ട് ബുക്കിംഗുകളുടെ എണ്ണവും പുനക്രമീകരിച്ചിട്ടുണ്ട്.അതേസമയം മകരവിളക്ക് ദര്‍ശനത്തിനു ശേഷം പമ്പയില്‍നിന്നു തീര്‍ഥാടകര്‍ക്കു മടങ്ങാന്‍ കെഎസ്ആര്‍ടിസി 800 ബസുകള്‍ ക്രമീകരിച്ചു. ഇവയില്‍ 450 ബസ് പമ്പ നിലയ്ക്കല്‍ ചെയിന്‍ സര്‍വീസിനും 350 ബസ് ദീര്‍ഘദൂര സര്‍വീസിനുമാണ് ഉപയോഗിക്കുക. പത്തനംതിട്ട, എരുമേലി സ്റ്റേഷനുകളില്‍ ഞായറാഴ്ച രാത്രി എത്തിക്കുന്ന ബസ് പിന്നീട് പമ്പയിലേക്ക് തിരിക്കും. മകരജ്യോതി ദര്‍ശനത്തിനു ശേഷം 20ന് നട അടക്കുന്നത് വരെ അയ്യപ്പന്മാരുടെ വരവനുസരിച്ച് ചെയിന്‍ സര്‍വീസുകള്‍ ഉണ്ടാകും.മകരവിളക്ക് ദിനത്തിലെ തിരക്ക് പരിഗണിച്ച് നിലയ്ക്കല്‍ നിന്നും ദീര്‍ഘ ദൂര സര്‍വീസുകള്‍ നടത്തും. മകരജ്യോതി ദര്‍ശനത്തിനു ശേഷം അട്ടത്തോട്ടില്‍ നിന്നു തീര്‍ഥാടകരെ നിലയ്ക്കല്‍ എത്തിക്കുന്നതിനും ബസുകള്‍ ഏര്‍പ്പെടുത്തും. ജനുവരി 7 വരെ വിവിധ ഡിപ്പോകളില്‍ നിന്നായി 14,111 ദീര്‍ഘദൂര ട്രിപ്പുകള്‍ പമ്പയില്‍ എത്തുകയും 14,156 ട്രിപ്പുകള്‍ വിവിധ ഭാഗങ്ങളിലേക്ക് പോകുകയും ചെയ്തു.