ആധാരം എഴുത്തുകാരുടെ ഫീസ്‌ വർധിപ്പിച്ചു

തിരുവനന്തപുരം:-ആധാരം എഴുത്തുകാരുടെ ദീർഘകാല ആവശ്യം സാക്ഷാത്കരിച്ച് സംസ്ഥാന സർക്കാർ. ആധാരം എഴുത്തിനുള്ള ഫീസ് പുതുക്കി നിശ്ചയിച്ച് രജിസ്ട്രേഷൻ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു. 17 വർഷത്തിനുശേഷമാണ് ആധാരം എഴുത്തിനുള്ള ഫീസ് വർധിപ്പിക്കുന്നത്. ആധാരമെഴുത്തുകാരും അനുബന്ധ തൊഴിലാളികളും അവരെ ആശ്രയിച്ച് ജീവിക്കുന്നവരുമുൾപ്പെടെ രണ്ടരലക്ഷത്തോളംപേർക്ക് ആശ്വാസം പകരുന്നതാണ് നടപടി.

കുറഞ്ഞ ഫീസ് 300ൽനിന്ന് 550 ആയും പരമാവധി ഫീസ് 7500ൽനിന്ന് 10000 ആക്കിയുമായാണ് പുതുക്കിയത്. എല്ലാ ആധാരവും ഡിജിറ്റലാക്കുന്നതിന്റെ ആദ്യഘട്ടം പൂർത്തീകരിച്ചു. സബ് രജിസ്ട്രാർ ഓഫീസുകളിൽ 1998 മുതൽ 2018 വരെയുള്ള (20 വർഷം) ആധാരങ്ങൾ ഡിജിറ്റലാക്കുന്ന പദ്ധതി പുരോഗമിക്കുന്നു. ഇ സ്റ്റാമ്പിങ് നടപ്പാക്കിയ ആദ്യസംസ്ഥാനവും കേരളമാണ്. രജിസ്ട്രേഷൻ വകുപ്പിനെ ജനകീയമാക്കുന്നതിനൊപ്പം ഈ മേഖലയിലെ തൊഴിലാളികളുടെ സംരക്ഷണവും ഉറപ്പാക്കുമെന്ന് രാമചന്ദ്രൻ കടന്നപ്പള്ളി പറഞ്ഞു.
എഴുത്തുകൂലി പുതുക്കി നിശ്ച‌യിച്ച സർക്കാർ നടപടിയെ കേരള സ്‌റ്റേറ്റ് ഡോക്യുമെന്റ്റ് വർക്കേഴ്‌സ് യൂണിയൻ, ആധാരം എഴുത്ത് അസോസിയേഷൻ തുടങ്ങിയ സംഘടനകൾ സ്വാഗതം ചെയ്‌തു.