ബില്ലിൽ കൃത്രിമം നടത്തി മദ്യം വാങ്ങിയ ആൾ പിടിയിൽ .
കണ്ണൂർ : ബില്ലിൽ കൃത്രിമം നടത്തി മദ്യം വാങ്ങിയ ആൾ പിടിയിൽ. കണ്ണൂർ പാറക്കണ്ടിയിലെ ബെവറജസ് കോർപ്പറേഷൻ ഔട്ട്ലെറ്റിൽ നിന്ന് പഴയ ബിൽ തിരുത്തി മദ്യം വാങ്ങിയ കൊല്ലം സ്വദേശി രമേശ് ബാബു(54)വിനെയാണ് അറസ്റ്റുചെയ്തത്. തിങ്കളാഴ്ച രാവിലെ 430 രൂപയുടെ മദ്യം ഇയാൾ വാങ്ങിയിരുന്നു. വൈകീട്ട് ഇതേ ഔട്ട്ലെറ്റിലെത്തി 120 രൂപ നൽകി ബിയർ വാങ്ങി.മദ്യം വിതരണം ചെയ്യുന്ന കൗണ്ടറിലെത്തിയപ്പോൾ രാവിലെ വാങ്ങിയ മദ്യത്തിന്റെ ബില്ല് നൽകി. ഡെലിവറി സീൽ മായ്ച്ച് നൽകിയാണ് മദ്യം വാങ്ങാൻ ശ്രമിച്ചത്. സംശയം തോന്നിയ ജീവനക്കാർ പരിശോധിച്ചപ്പോഴാണ് തട്ടിപ്പ് മനസ്സിലായത്. തുടർന്ന് ഔട്ട്ലെറ്റ് മാനേജർ സുബീഷ് പോലീസിനെ വിവരമറിയിക്കുകയായിരുന്നു. ടൗൺ പോലീസ് സ്ഥലത്തെത്തി പ്രതിയെ അറസ്റ്റുചെയ്തു.