അധ്യാപകർക്ക് വടി യെടുക്കാം; ക്രിമിനൽ കേസ് ഭീഷണിവേണ്ടെന്ന് ഹൈക്കോടതി

കൊച്ചി:വിദ്യാര്‍ഥികള്‍ക്ക് അധ്യാപകര്‍ നല്‍കുന്ന ചെറിയ ശിക്ഷകള്‍ക്ക് പോലും ക്രിമിനില്‍ കേസ് എടുക്കുന്ന നടപടിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. സ്‌കൂളിലോ കോളജിലോ ഉണ്ടാകുന്ന ഇത്തരം കാര്യങ്ങളുടെ പേരില്‍ പരാതി ലഭിച്ചാല്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ പ്രാഥമികാന്വേഷണം നടത്തി കേസില്‍ കഴമ്പുണ്ടോ എന്നു പരിശോധിക്കണമെന്നും പ്രാഥമികാന്വേഷണ സമയത്ത് അധ്യാപകനെ അറസ്റ്റ് ചെയ്യാന്‍ പാടില്ലെന്നും ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണന്‍ വ്യക്തമാക്കി. ആറാം ക്ലാസുകാരനെ അധ്യാപകന്‍ വടി കൊണ്ട് തല്ലി എന്നു കാട്ടി പിതാവ് നല്‍കിയ ഹര്‍ജിയില്‍ വിഴിഞ്ഞം പൊലീസ് എടുത്ത ക്രിമിനല്‍ കേസിലാണ് ഹൈക്കോടതിയുടെ വിധി. അധ്യാപകന് മുന്‍കൂര്‍ ജാമ്യം അനുവദിക്കാനും കോടതി ഉത്തരവിട്ടു.

ഇക്കാലത്ത് വിദ്യാര്‍ഥികളുടെ സ്വഭാവവും അച്ചടക്കവും മറ്റും സംബന്ധിച്ച് എന്തെങ്കിലും നടപടി എടുക്കാന്‍ അധ്യാപകര്‍ ഭയപ്പെടുകയാണെന്നു കോടതി ചൂണ്ടിക്കാട്ടി. ക്രിമിനല്‍ കേസ് വരുമെന്ന ഭയത്തിലാണ് അധ്യാപകര്‍. മുന്‍കാലങ്ങളില്‍ അധ്യാപകര്‍ ഏര്‍പ്പെടുത്തിയിരുന്ന അച്ചടക്ക നടപടികള്‍ വിദ്യാര്‍ഥികളുടെ ഭാവി മികച്ചതാകാന്‍ ഉപകരിച്ചിരുന്നു. ഒരു വിദ്യാര്‍ഥിയുടെ ശാരീരികവും മാനസികവും വിദ്യാഭ്യാസപരവുമായ ഉന്നതിയില്‍ അധ്യാപകന്റെ പങ്ക് വലുതാണ്. വിദ്യാര്‍ഥി സ്‌കൂളില്‍ പ്രവേശിച്ചു കഴിഞ്ഞാല്‍ അവരുടെ മികച്ച ഭാവിക്കു വേണ്ടി മാതാപിതാക്കള്‍ അധ്യാപകര്‍ക്ക് എല്ലാ സ്വാതന്ത്ര്യവും നല്‍കുകയാണ്. അധ്യാപകര്‍ അവരുടെ ഉത്തരവാദിത്തം നിറവേറ്റുമ്പോള്‍ അവിടെ ക്രിമിനല്‍ കേസ് പോലുള്ള ഭീഷണികള്‍ ഉണ്ടാകാന്‍ പാടില്ല. എന്നാല്‍ എല്ലാ അധ്യാപകരുടേയും എല്ലാ പ്രവര്‍ത്തികളും നല്ലതാണ് എന്നു പറയുന്നില്ല. എന്നാല്‍ ഉപദേശിച്ചതിന്റെ പേരിലോ ചെറിയ ശിക്ഷ നല്‍കുന്നതിന്റെ പേരിലോ അധ്യാപക സമൂഹമാകെ കേസ് നേരിടേണ്ടി വരുന്ന സ്ഥിതി പാടില്ല എന്നും കോടതി അഭിപ്രായപ്പെട്ടു.

ഇപ്പോള്‍ യുവതലമുറയുടെ സ്വഭാവം ഭയപ്പെടുത്തുന്നതാണെന്നും കോടതി ചൂണ്ടിക്കാട്ടി. അവര്‍ ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെടുന്നു, ചിലര്‍ ലഹരിക്കും മദ്യത്തിനുമൊക്കെ അടിപ്പെടുന്നു. മുന്‍പ് ഇങ്ങനെയായിരുന്നില്ല. അധ്യാപകരുടെ നിഴല്‍ പോലും അച്ചടക്കത്തോടെ ഇരിക്കാന്‍ വിദ്യാര്‍ഥികളെ പ്രേരിപ്പിച്ചിരുന്നു. എന്നാല്‍ ഇന്ന് വിദ്യാര്‍ഥികള്‍ അധ്യാപകരെ ഭീഷണിപ്പെടുത്തുന്നതും അവരെ കായികമായി ആക്രമിക്കുന്നതും തടഞ്ഞു വയ്ക്കുന്നതുമായ വാര്‍ത്തകളാണ് വരുന്നത്. പഠിപ്പിക്കുക മാത്രമല്ല അധ്യാപകരുടെ ജോലി, മറിച്ച് അടുത്ത തലമുറയ്ക്ക് പ്രചോദനവും ലക്ഷ്യബോധവും ഉണ്ടാക്കി നല്‍കല്‍ കൂടിയാണെന്നും കോടതി അഭിപ്രായപ്പെട്ടു.