കേരളത്തിലെ ട്രെയിൻ സമയങ്ങളിൽ മാറ്റം, 2 ട്രെയിനുകൾ റദ്ദാക്കി

തിരുവനന്തപുരം: സംസ്ഥാനത്ത് ഓടുന്ന ട്രെയിൻ സമയങ്ങളിൽ മാറ്റം. 2 ട്രെയിനുകൾ റദ്ദാക്കിയെന്നും റെയിൽവേ അറിയിച്ചു. നാഗർകോവിൽ- ആരൽവായ്മൊഴി സെക്ഷനിൽ മണ്ണിടിച്ചിലിനെത്തുടർന്നാണ് സർവീസുകളിൽ മാറ്റം വരുത്തിയത്.

നാഗർകോവിൽ- ആരൽവായ്മൊഴി സെക്ഷനിലെ പുനർനിർമ്മാണ പ്രവ‌ർത്തനങ്ങൾ നടക്കുന്ന റെയിൽ ബ്രിഡ്ജ്- 326നടുത്താണ് മണ്ണിടിച്ചിൽ ഉണ്ടായത്. 2 ട്രെയിനുകൾ റദ്ദാക്കുകയും രണ്ട് ട്രെയിനുകൾ റീ- ഷെഡ്യൂൾ ചെയ്യുകയും ചെയ്തിട്ടുണ്ട്. ഗതാഗതം പുനഃസ്ഥാപിക്കാനുള്ള പ്രവർത്തനങ്ങൾ വളരെ വേഗത്തിൽ പുരോഗമിക്കുന്നതായി റെയിൽവെ അറിയിച്ചു.

റദ്ദാക്കിയ ട്രെയിനുകൾ

1) നാഗർകോവിൽ ജംഗ്ഷനിൽ നിന്ന് രാവിലെ 07.55 ന് പുറപ്പെടേണ്ടിയിരുന്ന ട്രെയിൻ നമ്പർ 56305 നാഗർകോവിൽ ജംഗ്ഷൻ – തിരുവനന്തപുരം നോർത്ത് പാസഞ്ചർ ഇന്ന് പൂർണ്ണമായും റദ്ദാക്കി.

2) തിരുവനന്തപുരം സെൻട്രലിൽ നിന്ന് ഉച്ചയ്ക്ക് 1.25 ന് പുറപ്പെടേണ്ടിയിരുന്ന ട്രെയിൻ നമ്പർ 56310 തിരുവനന്തപുരം നോർത്ത് – നാഗർകോവിൽ ജംഗ്ഷൻ പാസഞ്ചർ ഇന്ന് പൂർണ്ണമായും റദ്ദാക്കി.

പുനഃക്രമീകരിച്ച ട്രെയിനുകൾ:

1) നാഗർകോവിൽ ജംഗ്ഷനിൽ നിന്ന് രാവിലെ 06:25 ന് പുറപ്പെടേണ്ടിയിരുന്ന ട്രെയിൻ നമ്പർ 56102 നാഗർകോവിൽ ജംഗ്ഷൻ – കൊല്ലം ജംഗ്ഷൻ പാസഞ്ചർ നാഗർകോവിൽ ജംഗ്ഷനിൽ നിന്ന് 1.30 മണിക്കൂ‍‌ർ വൈകി പുറപ്പെടേണ്ടതായി പുനഃക്രമീകരിച്ചിട്ടുണ്ട്.

2) കന്യാകുമാരിയിൽ നിന്ന് രാവിലെ 05:15 ന് പുറപ്പെടേണ്ടിയിരുന്ന ട്രെയിൻ നമ്പർ 07229 കന്യാകുമാരി – ചെന്നൈ എഗ്മോർ സ്പെഷ്യൽ ഇന്ന് കന്യാകുമാരിയിൽ നിന്ന് 02 മണിക്കൂർ 45 മിനിറ്റ് വൈകി പുറപ്പെടുന്ന തരത്തിൽ പുനഃക്രമീകരിച്ചു.