കണിമം​ഗലം ശാസ്താവ് വടക്കുംനാഥ സന്നിധിയിലേക്ക് പുറപ്പെട്ടു

പൂരങ്ങളുടെ പൂരമായ തൃശൂർ പൂരത്തിനു തുടക്കം. വടക്കുനാഥ സന്നിധിയിലേക്ക് ആദ്യ ഘടക പൂരമായ കണിമം​ഗലം ശാസ്താവിന്റെ എഴുന്നള്ളത്ത് ആരംഭിച്ചു. പാറമേക്കാവ്, തിരുവമ്പാടി ഭ​ഗവതിമാരും 8 ഘടക ക്ഷേത്രങ്ങളിൽ നിന്നുള്ള ദേവീ, ദേവൻമാരും വടക്കുംനാഥനെ വണങ്ങാനെത്തും.

പുലർച്ചെ അഞ്ചരയോടെയാണ് കണിമം​ഗലം ശ്താവിന്റെ എഴുന്നള്ളത്ത് ആരംഭിച്ചത്. പൂര പ്രേമികളിൽ ആവേശം തീർത്ത് ​ഗജ ചക്രവർത്തി തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ ഇത്തവണ ചെമ്പൂക്കാവ് ഭ​ഗവതിയുടെ തിടമ്പേറ്റുന്നുണ്ട്.

ഏഴരയോടെ തിരുവമ്പാടി ഭ​ഗവതിയുടെ പുറപ്പാട് ആരംഭിക്കും. 11.30 ഓടെയാണ് മഠത്തിൽ വരവ് പഞ്ചവാദ്യം. കോങ്ങാട് മധുവിന്റെ നേതൃത്വത്തിൽ പ്രശസ്തരായ കലാകാരൻമാർ അണിനിരക്കും. പാറമേക്കാവ് ഭ​ഗവതി 12 മണിയോടെ വടക്കുംനാഥ സന്നിധിയിലെത്തും.

രണ്ടരയ്ക്കാണ് പ്രസിദ്ധമായ ഇലഞ്ഞിത്തറ മേളം. കിഴക്കൂട്ട് അനിയൻ മാരാരുടെ പ്രമാണത്തിലാണ് മേളം. വൈകീട്ട് അഞ്ചരയോടെ കുടമാറ്റം. നാളെ പുലർച്ചെ മൂന്ന് മണിയോടെയായിരിക്കും വെടിക്കെട്ട്.