കൈതപ്രത്തെ രാധാകൃഷ്ണ‌ൻ വധം: കുറ്റപത്രം 90 ദിവസത്തിനകം

തലശേരി : ബിജെപി പ്രാദേശിക നേതാവും ഗുഡ്‌സ് വാഹന ഡ്രൈവറുമായ പരിയാരം പാണപ്പുഴ കൈതപ്രത്തെ രാധാകൃഷ്‌ണനെ നാടൻ തോക്കുപയോഗിച്ച് വെടിവച്ച് കൊന്ന കേസിന്റെ അന്വേഷണം അവസാനഘട്ടത്തിലേക്ക്. 90 ദിവസത്തിനകം കുറ്റപത്രം സമർപ്പിക്കാനുള്ള ഒരുക്കത്തിലാണ് പരിയാരം പോലീസ്. പ്രതികൾക്കെതിരേ ഇതിനകം നിർണായക തെളിവുകൾ പോലീസ് ശേഖരിച്ചു കഴിഞ്ഞു.

കഴിഞ്ഞ മാർച്ച് 22 ന് രാത്രി 7.10 നാണ് രാധാകൃഷ്ണൻ വെടിയേറ്റ് മരിച്ചത്. കേസിലെ പ്രതി സന്തോഷിനെ സംഭവദിവസം തന്നെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടർന്നുള്ള ദിവസങ്ങളിൽ രാധാകൃഷ്ണന്റെ്റെ ഭാര്യ മിനി, സന്തോഷിന് തോക്ക് നൽകിയ തിമിരിയിലെ സജോ ജോസഫ് എ ന്നിവരും അറസ്റ്റിലായിരുന്നു. മൂന്നു പ്രതികളും ഇപ്പോൾ റിമാൻഡിലാണുള്ളത്.

‘ഞാൻ പറയുന്നത് കേട്ട് എന്റെ പെണ്ണിന്റെ നെഞ്ചത്തു കേറിയ നിൻ്റെ അടിയന്തിരം ഞാൻ നടത്തുമെന്ന് ഒന്നാം പ്രതി സന്തോഷ് രാധാകൃഷ്ണന് സന്ദേശം അയച്ചതായി അന്വേഷണ സംഘം കണ്ടെത്തി. രാധാകൃഷ്‌ണനു നേരേ വെടി വയ്ക്കുന്നതിന് അഞ്ചുമിനിറ്റ് മുമ്പാണ് ഒന്നാം പ്രതി ഈ സന്ദേശം അയച്ചത്. അന്നേ ദിവസം സന്തോഷും മിനിയും ചേർന്നുള്ള 10 ഫോട്ടോകൾ രാധാകൃഷ്ണൻ സന്തോഷിന് അയച്ചിരുന്നു.

തുടർന്ന് നീ ഇനിയും തെളിവുണ്ടാക്കെടാ…. എന്റെ പെണ്ണാണവൾ എന്ന് സന്തോഷ് മറുപടി നൽകിയതായും പോലീസ് കണ്ടെത്തിയിരുന്നു. സന്തോഷും മിനിയും തമ്മിൽ 3015 തവണ ഫോണിൽ സംസാരിച്ചതിന്റെ രേഖകളും കണ്ടെത്തിയിട്ടുണ്ട്. കൊല്ലപ്പെട്ട ദിവസം ഇരുവരും 13 തവണ സം സാരിച്ചു. 1207 സെക്കൻഡ് നില നിന്ന ഫോൺ കോളും കണ്ടെത്തിയിട്ടുണ്ട്. ഇരുവരും തമ്മിൽ മണിക്കൂറുകളോളം വാട്‌സാപ്പ് കോളിലും സംസാരിച്ചിട്ടുണ്ട്. സംഭവദിവസം വൈകുന്നേരം 6.28 ന് 125 സെക്കൻഡും 6.32 ന് 27 സെക്കൻഡും 6.35 ന് 45 സെക്കൻഡും മിനിയും സന്തോഷും ഫോണിൽ സംസാരിച്ചിരുന്നു. ഇത് കേസിൽ നിർണായക തെളിവായി മാറിയിട്ടുണ്ട്.