കോഴിക്കോട്ടെ തീപിടിത്തം; 75 കോടി രൂപയുടെ നഷ്ടമെന്ന് വിലയിരുത്തല്‍

കോഴിക്കോട്: പുതിയ ബസ്റ്റാൻഡിന് സമീപത്തെ കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ 75 കോടി രൂപയുടെ നഷ്ടമുണ്ടായതായി വിലയിരുത്തൽ. കെട്ടിടത്തിലെ കാലിക്കറ്റ് ടെക്സ്റ്റൈൽസും ഗോഡൗണും പൂർണമായും കത്തിനശിച്ചു. മൂന്നാം നിലയിലെ കാലിക്കറ്റ് ടെക്സ്റ്റയിൽസിന്റെ ഗോഡൗണിൽ മാത്രം 50 കോടിയുടെ നാശനഷ്ടമുണ്ടായിട്ടുണ്ട്. കെട്ടിടത്തിൽ പ്രവർത്തിക്കുന്ന മരുന്നു ഗോഡൗണും കത്തിനശിച്ചു.

ഞായറാഴ്ച വൈകിട്ട് 5 മണിക്ക് തുടങ്ങിയ തീയണക്കൽ ഫലം കണ്ടത് പുലർച്ചെ മൂന്നു മണിയോടെയാണ്. അഞ്ചാം മണിക്കൂറിൽ തീ നിയന്ത്രണ വിധേയമാക്കിയെങ്കിലും തുണി ഗോഡൗണിലെ തീ പുലർച്ചെ മൂന്ന് മണിക്കാണ് ശമിച്ചത്. അഗ്നി രക്ഷാസേനയ്ക്കൊപ്പം കരിപ്പൂർ വിമാനത്താവളത്തിലെ ക്രാഷ് ടെഡറും ടോപ് പമ്പിംങ്ങുമാണ് തീ കെടുത്താൻ സഹായകരമായത്. പുലർച്ചെ ഒരുമണിയോടെ മെഡിക്കൽ ഷോപ്പിന് മുകളിൽ വീണ്ടും തീ ഉയർന്നെങ്കിലും അഗ്‌നിരക്ഷാസേനയ്ക്ക് നിയന്ത്രിക്കാനായി. കരിപ്പൂർ വിമാനത്താവളത്തിലെ അഗ്‌നിരക്ഷാസേന ഉൾപ്പെടെ പതിനഞ്ച് യൂണിറ്റുകൾ ഇന്നലെ
തീ അണയ്ക്കാനായെത്തി.

തീപിടുത്തത്തിൻ്റെ കാരണം അന്വേഷിച്ച് കണ്ടെത്തി രണ്ട് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ ജില്ല കലക്‌ടർക്ക് ചീഫ് സെക്രട്ടറി നിർദേശം നൽകി.