വളര്‍ത്തുനായയെ സ്‌കൂട്ടറില്‍ കെട്ടിവലിച്ച സംഭവത്തില്‍ പ്രതിയെ പൊലിസ് അറസ്റ്റ് ചെയ്തു

എടക്കര: മലപ്പുറം എടക്കരയില്‍ വളര്‍ത്തുനായയെ സ്‌കൂട്ടറില്‍ കെട്ടിവലിച്ച സംഭവത്തില്‍ പ്രതിയെ പൊലിസ് അറസ്റ്റ് ചെയ്തു. കരുനെച്ചി സ്വദേശി സേവ്യറാണ് അറസ്റ്റിലായത്. പ്രിവന്‍ഷന്‍ ഓഫ് ക്രുവല്‍റ്റി ടു ആനിമല്‍സ് ആക്‌ട് പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.ഐപിസി സെക്ഷൻ 428,429 മൃഗങ്ങളോടുള്ള ക്രൂരത തടയൽ നിയമത്തിലെ 11(1)എ പ്രകാരമുള്ള കുറ്റമാണ്.

ചെരുപ്പ് കടിച്ചതിനാണ് നായയുടെ കഴുത്തില്‍ കുരുക്കിട്ട് ബൈക്കില്‍ റോഡിലൂടെ കെട്ടിവലിച്ചതെന്നാണ് സേവ്യർ പറയുന്നത്. വെസ്റ്റ് പെരുങ്കുളത്ത് നിന്നും കാട്ടിപ്പടി വരെയുള്ള അര കിലോമീറ്ററിലേറെ ദൂരമാണ് നായയെ സ്‌കൂട്ടറിന് പിറകില്‍ കെട്ടിവലിച്ചത്.

വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം. പിന്നാലെ ബൈക്കിലെത്തിയ ഉമ്മര്‍ വളപ്പന്‍ എന്ന യുവാവ് പലതവണ ആവശ്യപ്പെട്ടിട്ടും സ്‌കൂട്ടര്‍ നിര്‍ത്തിയില്ല.

അവശനായ നായ തളര്‍ന്നു വീണിട്ടും സ്‌കൂട്ടര്‍ നിര്‍ത്താതെ അമിത വേഗതയില്‍ ഇയാള്‍ ഓടിച്ച്‌ പോകുകയായിരുന്നു. ഒടുവില്‍ കാട്ടിപ്പടിയില്‍ വച്ച്‌ ബൈക്ക് സ്‌കൂട്ടറിന് മുന്‍പില്‍ വിലങ്ങിട്ട് ഉമ്മര്‍ ഇയാളെ തടഞ്ഞു. സ്‌കൂട്ടര്‍ നിര്‍ത്തിയതോടെ നാട്ടുകാരും ഓടിക്കൂടിയപ്പോള്‍ ഇയാള്‍ നായയെ കെട്ടഴിച്ച്‌ വിടുകയായിരുന്നു. അവശനായി കിടന്ന നായയെ നാട്ടുകാര്‍ തട്ടിയുണര്‍ത്തിയപ്പോള്‍ കൊടും ക്രൂരത കാട്ടിയ യജമാനനൊപ്പം വാലാട്ടി നായ പോകുകയും ചെയ്തു.

ഉമ്മര്‍ മൊബൈല്‍ ഫോണില്‍ ദൃശ്യങ്ങള്‍ പകര്‍ത്തി നവമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതോടെയാണ് പൊലിസ് അന്വേഷണമാരംഭിച്ചത്.