മൊബൈല്‍ വാക്‌സിനേഷന് കോര്‍പറേഷന്‍ പരിധിയിലും

കിടപ്പു രോഗികള്‍ക്കും പ്രായമായവര്‍ക്കും വീട്ടിലെത്തി വാക്‌സിനേഷന്‍ നല്‍കുന്ന പദ്ധതി കോര്‍പറേഷന്‍ പരിധിയിലും തുടങ്ങി. തായത്തെരു മാങ്കടവ് തറവാട്ടിലെ 90 വയസ്സുകാരി ഉമ്മു തമീമയുടെ വീട്ടിലെത്തി ആദ്യ വാക്‌സിന്‍ നല്‍കിയാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്.
കിടപ്പുരോഗികളുള്ള ഓരോ വീടും കേന്ദ്രീകരിച്ചു 10 പേര്‍ക്ക് വീതമാണ് വാക്‌സിന്‍ നല്‍കിയത്. നൂറോളം പേര്‍ ആദ്യദിനം വാക്‌സിന്‍ സ്വീകരിച്ചു. വാക്‌സിന്‍ എടുത്തവരെ നിരീക്ഷിക്കുന്നതിനും അത്യാവശ്യ ഘട്ടത്തില്‍ വൈദ്യസഹായം നല്‍കുന്നതിനും ആംബുലന്‍സ് ഉള്‍പ്പെടെയുള്ള സജ്ജീകരണങ്ങളും ഡോക്ടര്‍മാരുടെയും ആരോഗ്യ പ്രവര്‍ത്തകരുടെയും സേവനവും കോര്‍പറേഷന്റെ നേതൃത്വത്തില്‍ ഏര്‍പ്പെടുത്തിയിരുന്നു.

പരിപാടിയില്‍ മേയര്‍ അഡ്വ. ടി ഒ മോഹനന്‍, ഡെപ്യൂട്ടി മേയര്‍ കെ ശബീന, സ്ഥിരം സമിതി അധ്യക്ഷന്‍മാരായ മാര്‍ട്ടിന്‍ ജോര്‍ജ്, ഷമീമ ടീച്ചര്‍, പി കെ രാഗേഷ്, സുരേഷ് ബാബു എളയാവൂര്‍, സിയാദ് തങ്ങള്‍, കൗണ്‍സിലര്‍ മുസ്ലിഹ് മഠത്തില്‍, മുന്‍ മേയര്‍ സി സീനത്ത്, മുന്‍ ഡെപ്യൂട്ടി മേയര്‍ സി സമീര്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പത്മരാജന്‍ എന്നിവര്‍ പങ്കെടുത്തു. വ്യാഴാഴ്ച താണ ഡിവിഷനില്‍ വാക്സിനേഷന്‍ നടത്തും.