ബിജെപി നേതാക്കളും പ്രതികളാകാം’; കൊടകര കള്ളപ്പണ കവര്‍ച്ചാ കേസിൽ മുഖ്യമന്ത്രി
തിരുവനന്തപുരം: കൊടകര കുഴല്‍പ്പണത്തെക്കുറിച്ച് അറിയാവുന്നതുകൊണ്ടാണ് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രനും നേതാക്കന്മാരും കേസില്‍ സാക്ഷികളായതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.അന്വേഷണത്തില്‍ ലഭിക്കുന്ന തെളിവുകളുടെ അടിസ്ഥാനത്തില്‍ സാക്ഷികള്‍ തന്നെ പ്രതികളായേക്കാമെന്നും അദ്ദേഹം പറഞ്ഞു.
തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ബിജെപി നേതാക്കള്‍ പറഞ്ഞതനുസരിച്ച് കര്‍ണാടകയില്‍ നിന്ന് കൊണ്ടുവന്ന പണമാണ് നഷ്ടമായതെന്ന് കുറ്റപത്രത്തില്‍ പറയുന്നുണ്ട്. കേസിലെ നാലാം പ്രതി ബിജെപി പ്രവര്‍ത്തകനായ ധര്മ്മരാജന് കെ സുരേന്ദ്രനുമായി അടുത്ത ബന്ധമുള്ള ആളാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
റോജി എം ജോണിന്റെ അടിയന്തര പ്രമേയ നോട്ടിസിനു മറുപടി പറയുകയായിരുന്നു പിണറായി വിജയന്.
ഒരു ബിജെപി നേതാവ് പോലും പ്രതിപ്പട്ടികയില്‍ ഇല്ലെന്നും, എല്ലാവരും സാക്ഷികളായി മാറിയെന്നുമായിരുന്നു റോജി പറഞ്ഞത്. പ്രതികള്‍ ആകേണ്ടവര്‍ എങ്ങനെയാണ് സാക്ഷികളായി മാറിയതെന്നും അദ്ദേഹം ചോദിച്ചു.
ബിജെപി നേതാക്കളെ പ്രോസിക്യൂട്ട് ചെയ്യാനുള്ള അവസരം സര്‍ക്കാര്‍ പാഴാക്കിയെന്നും റോജി കുറ്റപ്പെടുത്തി. കേസുമായി ബന്ധപ്പെട്ട് അടച്ചിട്ട മുറികളില്‍ ബിജെപി-സിപിഎം ചര്‍ച്ച നടന്നുവെന്നും, ഇരുപക്ഷത്തിനും കേസുകള്‍ ഉള്ളതിനാലാണ് ഒത്തു തീര്‍പ്പ് നടന്നതെന്നും അദ്ദേഹം ആരോപിച്ചു