വാട്സാപ്പും ഇൻസ്റ്റഗ്രാമും നിശ്ചലമായതിന് പിന്നാലെ മാപ്പ് പറഞ്ഞ് ഫെയ്സ്ബുക്ക് സി.ഇ.ഒ.

വാഷിങ്ടൺ: ഫെയ്സ്ബുക്കും അവരുടെ ആശയ വിനിമയ പ്ളാറ്റ്ഫോമുകളായ വാട്സാപ്പും ഇൻസ്റ്റഗ്രാമും മണിക്കൂറുകളോളം നിശ്ചലമായതിന് പിന്നാലെ സംഭവത്തിൽ മാപ്പ് പറഞ്ഞ് ഫെയ്സ്ബുക്ക് സി.ഇ.ഒ. മാർക്ക് സക്കർബർഗ്. ഇവയുടെ പ്രവർത്തനം ചൊവ്വാഴ്ച സാധാരണ നിലയിലാണെന്നും അദ്ദേഹം വ്യക്തമാക്കി. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ ആയിരുന്നു സക്കർബർഗിന്റെ ക്ഷമാപണം. തടസമുണ്ടായതിൽ ഖേദിക്കുന്നു. പ്രിയപ്പെട്ടവരുമായി നിരന്തരം ബന്ധം പുലർത്താൻ ഞങ്ങളുടെ സേവനങ്ങളെ നിങ്ങൾ എത്രത്തോളം ആശ്രയിക്കുന്നു എന്നകാര്യം തനിക്ക് അറിയാമെന്നും അദ്ദേഹം പറഞ്ഞു

തിങ്കളാഴ്ച രാത്രി ഒമ്പതുമണിയോടെയാണ് ഫേസ്ബുക്കിന്റെയും ഇൻസ്റ്റഗ്രാമിന്റെയും വാട്‌സാപ്പിന്റെയും സേവനം താത്ക്കാലികമായി പണിമുടക്കിയത്. ഫേസ്ബുക്കിന്റെയും വാട്‌സാപ്പിന്റെയും ഔദ്യോഗിക ട്വിറ്റർ പേജിലൂടെയായിരുന്നു സേവനങ്ങൾ തകരാറിലായെന്ന് പ്രതികരണം. ഏഴുമണിക്കൂറോളമാണ് ഫേസ്ബുക്കിനുകീഴിലുള്ള സമൂഹമാധ്യമങ്ങളുടെ പ്രവർത്തനം തടസപ്പെട്ടത്.

വാട്‌സാപ്പിൽ സന്ദേശങ്ങൾ അയക്കാൻ കഴിയാതിരുന്നതോടെയാണ് ആപ്ലിക്കേഷൻ പണിമുടക്കിയെന്ന് ഉപഭോക്താക്കൾക്ക് മനസിലായത്.വാട്‌സാപ്പിന്റെ ഡെസ്‌ക്ടോപ് വേർഷനും പ്രവർത്തനരഹിതമാണ്. ‘ദ സൈറ്റ് കാൺട് ബി റീച്ച്ഡ’് എന്ന സന്ദേശമാണ് കാണിക്കുന്നത്. ഫേസ്ബുക്കും ന്യൂസ് ഫീഡ് ലോഡ് ആയിരുന്നില്ല.ഇൻസ്റ്റഗ്രാമും റിഫ്രഷ് ആക്കാൻ സാധിച്ചില്ല.

ഇതിന് പിന്നാലെ നിരവധി പേരാണ് ട്വിറ്ററിൽ പരാതിയുമായി രംഗത്ത് വന്നത്. ഇതിന് മുൻപും ഫേസ്ബുക്കും വാട്ട്സ് ആപ്പും ഒരുമിച്ച് പ്രവർത്തന രഹിതമാവുകയും അൽപ സമയത്തിന് ശേഷം തിരികെയെത്തുകയും ചെയ്തിരുന്നു.