പനി; പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണം – ഡിഎംഒ

ജില്ലയില്‍ ചില ഭാഗങ്ങളില്‍ സ്‌ക്രബ് ടൈഫസ്, എലിപ്പനി, മലമ്പനി എന്നീ രോഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ നാരായണ നായ്ക് അറിയിച്ചു.

സ്‌ക്രബ് ടൈഫസ്
ഒറിന്‍ഷ്യ സുത്സുഗാമുഷി എന്ന ബാക്ടീരിയയാണ് സ്‌ക്രബ് ടൈഫസിന് കാരണം. സുത്സുഗ(അസുഖം), മുഷി(പ്രാണി) എന്നീ ജപ്പാനീസ് പദങ്ങള്‍ ചേര്‍ത്താണ് ബാക്ടീരിയക്ക് പേരുണ്ടായത്. ബാക്ടീരിയ ബാധിതരായ ചെറുപ്രാണികള്‍ കടിക്കുന്നതിലൂടെയാണ് സ്‌ക്രബ് ടൈഫസ് പകരുക. പനിയും ശരീരത്തില്‍ തിണര്‍പ്പുകളുമാണ് പ്രാരംഭ ലക്ഷണങ്ങള്‍. പ്രാണി കടിച്ച് 10 ദിവസത്തിനുള്ളില്‍ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടും. പനിക്കും കുളിരിനും പുറമെ തലവേദന, ശരീര വേദന, പേശീ വേദന തുടങ്ങിയ ലക്ഷണങ്ങളും ഉണ്ടാകും. രോഗം പുരോഗമിക്കുന്നതോടെ അവയവ നാശം, രക്തസ്രാവം, മാനസിക പ്രശ്‌നങ്ങള്‍ തുടങ്ങിയവയും രോഗിയെ ബാധിക്കും.
സ്‌ക്രബ് ടൈഫസ് പിടിപെടാതിരിക്കാന്‍ കാടും പടലവുമുള്ള സ്ഥലങ്ങളിലേക്കുള്ള സന്ദര്‍ശനം ഒഴിവാക്കണം. ശരീരം മുഴുവന്‍ മൂടുന്ന തരത്തില്‍ കുട്ടികളെ വസ്ത്രം ധരിപ്പിക്കുന്നതും കൊതുക് വലകള്‍ ഉപയോഗിക്കുന്നതും സ്‌ക്രബ് ടൈഫസ് പരത്തുന്ന പ്രാണികളുടെ കടിയേല്‍ക്കാതിരിക്കാന്‍ സഹായിക്കും. പ്രാണികളെ അകറ്റുന്ന സ്‌പ്രേ വീടിന്റെ ചുറ്റുവട്ടത്ത് തളിക്കുന്നതും രോഗ വ്യാപനം കുറയ്ക്കും.

എലിപ്പനി
ക്ഷീണത്തോടെയുള്ള പനി, തലവേദന, പേശിവേദന എന്നിവയാണ് എലിപ്പനിയുടെ പ്രധാന ലക്ഷണങ്ങള്‍. കണ്ണില്‍ ചുവപ്പ്, മൂത്രത്തിന്റെ അളവില്‍ കുറവ്, മഞ്ഞപ്പിത്ത ലക്ഷണങ്ങള്‍ തുടങ്ങിയവയും കണ്ടേക്കാം. ഇത്തരം ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ തൊട്ടടുത്ത ആരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടണം.
എലി, പട്ടി, പൂച്ച, കന്നുകാലികള്‍ തുടങ്ങിയവയുടെ മൂത്രം വഴി മണ്ണിലും വെള്ളത്തിലുമെത്തുന്ന രോഗാണുക്കള്‍ ശരീരത്തിലെ മുറിവുകള്‍ വഴി മനുഷ്യരിലേക്ക് പകര്‍ന്നാണ് എലിപ്പനിയുണ്ടാകുന്നത്. ശുചീകരണ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നവര്‍, വയലില്‍ പണിയെടുക്കുന്നവര്‍, ഓട്, തോട്, കനാല്‍, കുളങ്ങള്‍, വെള്ളക്കെട്ടുകള്‍ തുടങ്ങിയവ വൃത്തിയാക്കുന്നവര്‍ എന്നിവരിലാണ് രോഗം കൂടുതലായി കണ്ടുവരുന്നത്. അതുകൊണ്ടു മലിനജലവുമായി സമ്പര്‍ക്കമുള്ളവരും ഉണ്ടാവാന്‍ സാധ്യതയുള്ളവരും എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്സി സൈക്ലിന്‍ ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദ്ദേശാനുസരണം കഴിക്കണം. ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ആരോഗ്യ സ്ഥാപനങ്ങളിലും ഇത് സൗജന്യമായി ലഭിക്കും.

ശുചീകരണം, മൃഗപരിപാലനം പോലുള്ള ജോലികള്‍ ചെയ്യുന്നവര്‍ കൈയുറകളും കട്ടിയുള്ള റബ്ബര്‍ ബൂട്ടുകളും ഉപയോഗിക്കണം. പട്ടി, പൂച്ച, കന്നുകാലികള്‍ തുടങ്ങിയവയുടെ മലമൂത്രാദികള്‍ വ്യക്തിസുരക്ഷയോടെ കൈകാര്യം ചെയ്യണം. കന്നുകാലിത്തൊഴുത്തിലെ മൂത്രം ഒലിച്ചിറങ്ങി വെള്ളം മലിനമാകാതെ നോക്കണം. കുടിവെള്ളത്തിലും ആഹാര സാധനങ്ങളിലും എലികളുടെ വിസര്‍ജ്യ വസ്തുക്കള്‍ കലരാതിരിക്കാന്‍ എപ്പോഴും മൂടിവെക്കണം. കുട്ടികള്‍ മുറിവുള്ളപ്പോള്‍ കെട്ടിനില്‍ക്കുന്ന വെള്ളത്തില്‍ കളിക്കരുത്. ഭക്ഷ്യ സാധങ്ങള്‍ അലക്ഷ്യമായി വലിച്ചെറിഞ്ഞ് എലികളെ ആകര്‍ഷിക്കരുത്. വീടും ചുറ്റുപാടും വൃത്തിയായി സൂക്ഷിക്കണം തുടങ്ങി എലിപ്പനി വരാതിരിക്കാനുള്ള എല്ലാ മുന്‍കരുതലുകളും പൊതുജനങ്ങള്‍ സ്വീകരിക്കണമെന്ന് ഡിഎംഒ അറിയിച്ചു.

മലമ്പനി
അനോഫിലിസ് വിഭാഗത്തില്‍പ്പെട്ട പെണ്‍കൊതുകുകളാണ് മലമ്പനി പകര്‍ത്തുന്നത്. പനിയോടൊപ്പം ശക്തമായ കുളിരും തലവേദനയും പേശീവേദനയുമാണ് പ്രാരംഭ ലക്ഷണങ്ങള്‍. വിറയലോടുകൂടി ആരംഭിച്ച് ശക്തമായ പനിയും കുളിരും ദിവസേനയോ ഒന്നിടവിട്ടുള്ള ദിവസങ്ങളിലോ മൂന്ന് ദിവസം കൂടുമ്പോഴോ ആവര്‍ത്തിക്കുന്നത് മലമ്പനിയുടെ മാത്രം പ്രത്യേക ലക്ഷണമായി കരുതാം. ഇതോടൊപ്പം മനംപുരട്ടല്‍, ഛര്‍ദ്ദി, കണ്ണില്‍ മഞ്ഞനിറം എന്നിവയുമാകാം. പനി, ശക്തമായ തലവേദന എന്നീ ലക്ഷണങ്ങള്‍ മാത്രമായും മലമ്പനി കാണാറുണ്ട്.
മലമ്പനിക്ക് മറ്റു പനികളുടെ ലക്ഷണങ്ങളുമായി സാമ്യമുള്ളതിനാല്‍ പനി മലമ്പനിയാണോ അല്ലയോ എന്ന് ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്. അംഗീകൃത ചികിത്സാ മാര്‍ഗരേഖ പ്രകാരം മലമ്പനിക്കെതിരായ ഫലപ്രദമായ സമ്പൂര്‍ണ്ണ ചികിത്സ സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ആശുപ്രതികളിലും തികച്ചും സൗജന്യമായി ലഭിക്കും.